❛മെസ്സീ.. നിങ്ങളെ ഞങ്ങൾ കാത്തിരിക്കുന്നു❜ കൊള്ള സംഘത്തിന്റെ ഭീഷണി |Lionel Messi

ഫിഫ ബെസ്റ്റ് പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയതിനു പിന്നാലെ താരത്തിനെതിരെ ഭീഷണി സന്ദേശവുമായി അജ്ഞാതർ. കഴിഞ്ഞ ദിവസം അർജന്റീനയിലാണ് സംഭവം നടന്നത്. താരത്തിന്റെ ഭാര്യയായ അന്റോനല്ല റോക്കുസോയുടെ കുടുംബത്തിന്റെ സൂപ്പർമാർക്കറ്റിനു നേരെ അക്രമികൾ വെടിയുതിർത്തത്തിനു ശേഷമാണ് താരത്തിന് ഭീഷണി സന്ദേശം നൽകിയിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മെസിയുടെ സ്വദേശമായ റൊസാരിയോയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ബൈക്കിലെത്തിയ അക്രമികളാണ് സൂപ്പർമാർക്കറ്റിനു നേരെ വെടിയുതിർത്തത്. സൂപ്പർമാർക്കറ്റ് അടച്ചിട്ട സമയമായതിനാൽ വലിയ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും സ്ഥാപനത്തിന് സാരമായ കേടുപാടുകൾ വന്നിട്ടുണ്ട്. പന്ത്രണ്ട് തവണ അക്രമികൾ വെടിയുതിർത്തിട്ടുമുണ്ട്.

അതിനു ശേഷം അവർ അവിടെ വിട്ടിട്ടു പോയ സന്ദേശമാണ് കൂടുതൽ ആശങ്ക നൽകുന്നത്. “മെസി, നിങ്ങളെ ഞങ്ങൾ കാത്തിരിക്കുന്നു. പാബ്ലോ ജാവ്കിനും മയക്കുമരുന്ന് കടത്തുകാരുടെ കൂടെയാണ്, അയാൾ നിങ്ങളെ സംരക്ഷിക്കാൻ പോകുന്നില്ല” എന്നതാണ് കാർഡ്ബോർഡ് പേപ്പറിൽ എഴുതിയ സന്ദേശത്തിൽ ഉണ്ടായിരുന്നത്. റൊസാരിയോ മേയറായ പാബ്ലോ ജാവ്കിനെയാണ് അക്രമികൾ പ്രതിപാദിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് മെസിക്ക് ഇത്തരമൊരു സന്ദേശം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരുപാട് അക്രമങ്ങൾ നടക്കുന്ന സ്ഥലമാണ് റൊസാരിയോ എന്നതിനാൽ തന്നെ ഇതിനെ പോലീസ് ഗൗരവമായി കണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെസിയിൽ നിന്നും പണം നേടാനുള്ള തന്ത്രമായിരിക്കാം ഇതെന്നാണ് പോലീസ് പറയുന്നത്.

ഈ മാസം മെസി അർജന്റീനയിൽ കളിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായാണ് സ്വന്തം രാജ്യത്ത് കളിക്കാൻ പോകുന്നത്. ലോകകപ്പ് നേടിയത് ആരാധകർക്കൊപ്പം ആഘോഷിക്കുകയെന്ന പദ്ധതിയുമുണ്ട്. അതിനിടയിലാണ് ഈ സന്ദേശം വന്നിരിക്കുന്നതെന്നത് കൂടുതൽ ആശങ്ക നൽകുന്നു.