തിരിച്ചു വരവിൽ ഗോളുമായി മെസ്സി, പിഎസ്ജിക്ക് ജയവും : സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഫൈനലിൽ : കാരബോ കപ്പിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി പുറത്ത്

പാർക്ക് ഡെ പ്രിൻസസിൽ നടന്ന ലീഗ് 1 പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്‌ൻ ആംഗേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.ലോകകപ്പിന് ശേഷം ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയ ലയണൽ മെസ്സി പിഎസ്ജി ക്കായി ഗോൾ നേടുകയും ചെയ്തു.നെയ്മറിനൊപ്പം ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ആദ്യ ഇലവനിൽ ഇടംപിടിച്ച മെസ്സിക്ക് ഹോം ആരാധകരിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ നോർഡി മുക്കീലെയുടെ പാസിൽ നിന്നും ഹ്യൂഗോ എകിറ്റികെ പിഎസ്ജി യെ മുന്നിലെത്തിച്ചു.72-ാം മിനിറ്റിൽ മുകീലെ തന്റെ രണ്ടാമത്തെ അസിസ്റ്റ് കണ്ടെത്തുകയും മെസ്സി അനായാസം സ്‌കോർ ചെയ്യുകയും ചെയ്തു.മെസ്സി ടീമിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ രണ്ട് തവണ വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്ത പിഎസ്ജി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. വിജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനക്കാരനായ ലെൻസിനെക്കാൾ ആറ് പോയിന്റിന് ഫ്രഞ്ച് ലീഗിൽ മുന്നിലാണ്.

സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിൽ വലൻസിയയ്‌ക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റയലിന്റെ ജയം .ജോസ് ഗയയുടെ കിക്ക് രക്ഷപ്പെടുത്തിയ തിബോട്ട് കോർട്ടോയിസ് ആണ് റയലിന്റെ വിജയ ശില്പി.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത് . സൗദി തലസ്ഥാനമായ റിയാദിലെ പകുതി ശൂന്യമായ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ, നന്നായി തുടങ്ങിയ റയലിന് ആദ്യ 15 മിനിറ്റിനുള്ളിൽ ഗോൾ നേടാനുള്ള മൂന്ന് വ്യക്തമായ അവസരങ്ങൾ ലഭിച്ചു.

റോഡ്രിഗോ,ബെൻസെമ, ഫെഡറിക്കോ വാൽവെർഡെ എന്നിവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചു.39 ആം മിനുട്ടിൽ കരീം ബെൻസെമയുടെ പെനാൽറ്റി ഗോളിൽ റയൽ മാഡ്രിഡ് ലീഡ് നേടി. എന്നാൽ 46 ആം മിനുട്ടിൽ ടോണി ലാറ്റോയുടെ ക്രോസിൽ നിന്ന് സാമുവൽ ലിനോ വോളിയിലൂടെ വലൻസിയ സമനില പിടിച്ചു. എക്സ്ട്രാ ടൈമിൽ വിനീഷ്യസ് ജൂനിയറിനു ക്ലോസ് റേഞ്ച് ഷോട്ട് ജിയോർജി മമർദാഷ്വിലി രക്ഷപ്പെടുത്തിയതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ഷൂട്ട് ഔട്ടിൽ ബെൻസേമ മോഡ്രിച് ക്രൂസ് അസെൻസിയോ എന്നിവർ റയലിനായി സ്കോർ ചെയ്തു.വലൻസിയയുടെ ഗയ , കൊമേർട്ട് എന്നിവർ കിക്ക് നഷ്ടപ്പെടുത്തി.

ഇന്നലെ നടന്ന നടന്ന ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് 2-0ത്തിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പിൽ നിന്ന് പുറത്തായി.പ്രീമിയർ ലീഗ് ടേബിളിൽ ഏറ്റവും താഴെയുള്ള സതാംപ്ടൺ സെക്കോ മാര (23′)മൂസ ഡിജെനെപ്പോ (28′) എന്നിവരുടെ ഗോളിനാണ് വിജയിച്ചത്.സതാംപ്ടൺ സെമിഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും.23-ാം മിനിറ്റിൽ ലിയാങ്കോയുടെ ക്രോസിൽ നിന്നും മാര സതാംപ്ടണിന് തന്റെ ആദ്യ ഗോൾ നേടി.അഞ്ച് മിനിറ്റിന് ശേഷം പൊസിഷൻ മാറി നിന്ന സിറ്റി ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗയെ മറികടന്ന് ലോങ്ങ് റേഞ്ചിൽ നിന്നും മൂസ ഡിജെനെപ്പോ രണ്ടമത്തെ ഗോളും നേടി.

2014 മുതൽ ആറ് തവണ ലീഗ് കപ്പ് നേടിയ സിറ്റി, രണ്ടാം പകുതിയിൽ പകരക്കാരനായ കെവിൻ ഡി ബ്രൂയിനും എർലിംഗ് ഹാലൻഡും പെപ് ഗാർഡിയോളയുടെ ടീമിന് പുനരുജ്ജീവനം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.ഞായറാഴ്ച നടന്ന എഫ്‌എ കപ്പിൽ ചെൽസിയെ 4-0ന് തകർത്തതിന് പിന്നാലെയാണ് സിറ്റി മത്സരത്തിനിറങ്ങിയതെങ്കിലും ഫ്രീ-സ്കോറിംഗ് ഫോം ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടു.

Rate this post
Lionel MessiPsgReal Madrid