❝ ലയണൽ മെസ്സിക്ക് ബാഴ്‌സലോണയിൽ കളിക്കണമെങ്കിൽ 2022 വരെ കാത്തിരിക്കണമോ ? ❞

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പെയിനിലെ ക്ലബ്ബുകൾ കടന്നു പോയി കൊണ്ടിരുന്നത്. കളിക്കാർക്ക് കൊടുക്കുന്ന വേതനത്തിലും , പുതിയ ട്രാൻസ്ഫറുകളിലും വലിയ നിബന്ധനകളാണ് ലാ ലീഗ ഫെഡറേഷൻ ക്ലബ്ബുകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ പല ക്ലബ്ബുകൾക്കും പുതിയ താരങ്ങളെ വാങ്ങുന്നതിനും , നിലവിലുളള കളിക്കാരുടെ കരാർ പുതുക്കുന്നതിനും വലിയ തടസ്സമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ജൂണിൽ ബാഴ്സയുമായി കരാർ അവസാനിച്ച സൂപ്പർ താരം ലയണൽ മെസ്സി കറ്റാലൻ ഭീമന്മാരുമായി 50 ശതമാനം ശമ്പളം വെട്ടിക്കുറചു കൊണ്ട് പുതിയ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു . ലാലിഗയുടെ ശമ്പള പരിധി ബാഴ്സ ഇതുവരെ പാലിച്ചിട്ടില്ലാത്തതിനാൽ മെസ്സിയുടെ കരാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വേതന ബില്ല് കുറക്കാതെ പുതിയ താരങ്ങളെ ഒന്നും ബാഴ്സക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ല. കൂടുതൽ താരങ്ങൾ വേതനം വെട്ടിച്ചുരുക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്താൽ മാത്രമേ അടുത്ത സീസണിൽ ലാ ലിഗയുടെ ചെലവ് പരിധി പാലിക്കാൻ ബാഴ്സക്കാവുകയുള്ളു. അല്ലാത്ത പക്ഷം മെസ്സിയുടെ പുതിയ കരാർ അല്ലെങ്കിൽ മെംഫിസ് ഡെപെയ്, സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ, എമേഴ്‌സൺ റോയൽ എന്നിവ രജിസ്റ്റർ ചെയ്യാൻ അവർക്ക് കഴിയില്ല.ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് 31 ന് ബാഴ്‌സയ്ക്ക് മെസ്സിയുടെ ഇടപാടും അവരുടെ പുതിയ ഒപ്പിടലുകളും ലാ ലിഗയ്ക്ക് മുന്നിൽ സമർപ്പിക്കണം.

ബാഴ്‌സലോണയുടെ നിയമങ്ങളിൽ ഇളവ് വരുത്തില്ലെന്ന് ലീഗ് പ്രസിഡന്റ് ജാവിയർ ടെബാസ് പറഞ്ഞു.അങ്ങനെയാണെങ്കിൽ അഞ്ചുവർഷത്തെ കരാറിൽ ഒപ്പുവെച്ച മെസ്സിക്ക് ജനുവരി കഴിഞ്ഞാൽ മാത്രമേ കളിക്കാൻ സാധിക്കു. സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽ‌ബ, സെർ‌ജി റോബർട്ടോ എന്നി മുതിർന്ന താരങ്ങളോട് മെസ്സിയുടെ പാദ പിന്തുടർന്ന് വേതനം വെട്ടികുറക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ബാഴ്സ. മൂവരുടെയും ഏജന്റുമാരുമായി ഫുട്ബോൾ ഡയറക്ടർ മാത്യു അലമാനി സംസാരിച്ചുവെങ്കിലും ക്ലബ്ബിനെ സഹായിക്കാനായി അവരുടെ വരുമാനം വെട്ടിക്കുറയ്ക്കാൻ ആരും ഇതുവരെ തയായറായിട്ടില്ല.ക്ലബ്ബിൽ പ്രതിവർഷം 16 മില്യൺ ഡോളറാണ് ബസ്‌ക്വറ്റ്സ് സമ്പാദിക്കുന്നത്, ആൽ‌ബ 13 മില്യൺ ഡോളറും റോബർട്ടോ 10.5 മില്യൺ ഡോളറുമാണ്.

ഗ്രീസ്മാൻ , കൂട്ടിൻഹോ, മിറാലെം പ്യാനിച്ച് , സാമുവൽ ഉംറ്റിറ്റി ,കീപ്പർ നെറ്റോ എന്നി താരങ്ങളെയാണ് ബാഴ്സ ഈ സീസണിൽ വിൽക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഗ്രീസ്മാനും ,പ്യാനിച്ചും വേതനം കുറക്കാൻ തയായറാവാത്തതിനാൽ ആഗ്രഹിക്കുന്ന ക്ലബ്ബുകൾക്കൊന്നും വരുമാനവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് റിപോർട്ടുകൾ വന്നിരുന്നു. ലാ ലീഗ്‌ സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബാഴ്സ അവരുടെ പുതിയ സൈനിംഗുകൾ രജിസ്റ്റർ ചെയ്യാനും മെസ്സിയുടെ പുതിയ കരാർ പ്രഖ്യാപിക്കാനുള്ള മത്സര ഓട്ടത്തിലാണ്.ഈ അവസ്ഥയിൽ നിന്ന് ക്ലബ്ബിനെ രക്ഷപെടുത്താൻ പ്രസിഡന്റ് ജോവാൻ ലാപോർട്ടയ്ക്ക് കഴിയുന്നില്ലെങ്കിൽ മെസ്സിക്ക് 2022 ജനുവരി വരെ ക്ലബ്ബിനായി വീണ്ടും കളിക്കാൻ കഴിയില്ല.

Rate this post