പരിശീലനം മുടക്കി, മെസ്സിയെ കാത്തിരിക്കുന്നത് ഈ ശിക്ഷാനടപടികൾ.

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയുടെ പരിശീലനത്തിന് എത്താതിരുന്നതാണ് ഇപ്പോഴത്തെ മറ്റൊരു ചർച്ചാ വിഷയം. മനഃപൂർവം പരിശീലനത്തിന് എത്താതിരുന്ന ഏകതാരമാണ് മെസ്സി എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച്ച നടന്ന പിസിആർ ടെസ്റ്റ്‌ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച നടന്ന ആ പരിശീലനസെഷനും മെസ്സി ബഹിഷ്കരിച്ചത്. ഇനി തുടർച്ചയായ മൂന്നാം ദിവസവും മെസ്സി ബഹിഷ്കരിച്ചാൽ താരത്തിനെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളാൻ ബാഴ്സക്ക് അധികാരമുണ്ട്.

ചൊവ്വാഴ്ച്ച നടക്കുന്ന പരിശീലനത്തിന് എത്താതിരുന്നാൽ ക്ലബ്ബിന് മെസ്സിക്കെതിരെ നടപടികൾ സ്വീകരിക്കാം. താരത്തിന് സസ്പെൻഷൻ നൽകാനുള്ള അധികാരം ബാഴ്‌സക്കുണ്ട്. അതല്ലെങ്കിൽ പിഴ ചുമത്താനുള്ള വകുപ്പും ബാഴ്സക്ക് ഉണ്ട്. അതായത് താരത്തിന്റെ മാസശമ്പളത്തിൽ നിന്നും പതിനൊന്ന് ദിവസത്തെ തുകയോ അതല്ലെങ്കിൽ മാസശമ്പളത്തിന്റെ ആകെ തുകയുടെ 25 ശതമാനമോ പിഴ ഇനത്തിൽ ബാഴ്സക്ക് ഈടാക്കാം. ഇതാണ് ഒരു കാരണവുമില്ലാതെ പരിശീലനം മുടക്കിയാൽ ഉള്ള പെനാൽറ്റി.

ഒരു വർഷത്തിൽ 95 മില്യൺ പൗണ്ട് സമ്പാദിക്കുന്ന വ്യക്തിയാണ് മെസ്സി. ഒരു വർഷത്തെ ഫിക്സ്ഡ് സാലറി എന്നുള്ളത് 64 മില്യൺ പൗണ് ആണ്. എന്നാൽ മറ്റു ബോണസുകളും മറ്റുള്ള കാര്യങ്ങളും പരിഗണിച്ചാൽ ഇതിൽ കൂടുതൽ മെസ്സിക്ക് സമ്പാദിക്കാൻ കഴിയുന്നുണ്ട്. അത്കൊണ്ട് തന്നെ മെസ്സിക്ക് ബാഴ്സ പിഴ ചുമത്തിൽ അത്‌ അത്യാവശ്യം നല്ലൊരു തുക തന്നെ കാണും.

എന്നാൽ മെസ്സിക്കെതിരെ ചാടിക്കേറി നടപടി എടുക്കാൻ ബാഴ്സ തയ്യാറായേക്കില്ല. മെസ്സിക്കെതിരെ നടപടി എടുത്താൽ അത്‌ തങ്ങളെ കൂടി ബാധിക്കുമെന്നാണ് ബാഴ്സ കരുതുന്നത്. പക്ഷെ മെസ്സി ഇനിയും പരിശീലനം മുടക്കിയാൽ ബാഴ്സക്ക് അതിനനുസരിച്ചുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നാൽ പരിശീലനത്തിന് എത്താനുള്ള ഒരു നീക്കവും ഇതുവരെ മെസ്സിയുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല.

Rate this post