മെസ്സിക്ക് വേണ്ടി ജനുവരിയിൽ ബാഴ്സയെ സമീപിക്കാനൊരുങ്ങി സിറ്റി, ഓഫർ ചെയ്യുക ഈ തുക.

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ ഒരു ട്രാൻസ്ഫർ ജാലകമാണ് കഴിഞ്ഞു പോയത്. താരം ബാഴ്‌സ വിടാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരികയും ചെയ്തു. ബാഴ്‌സ വിട്ട് സിറ്റിയിലേക്ക് ചേക്കേറാൻ മെസ്സിക്ക് ആഗ്രഹമുണ്ട് എന്നുള്ളത് ഏകദേശം വ്യക്തമായ കാര്യമാണ്. പക്ഷെ ബാഴ്‌സയുടെ കടുംപിടിത്തം കാരണം മെസ്സി ഈ സീസണിൽ കൂടി ബാഴ്‌സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ ആഗ്രഹമുണ്ടെന്നുള്ളത് സിറ്റിയും പെപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സീസൺ കൂടി അവസാനിച്ചാൽ മെസ്സി ഫ്രീ ഏജന്റ് ആകും. എന്നാൽ അതിന് മുമ്പ് തന്നെ മെസ്സിയെ ഇത്തിഹാദിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് സിറ്റി. ഒരു ഓഫറുമായി ബാഴ്സയെ സമീപിക്കാൻ സിറ്റി ഒരുങ്ങിയതായി റിപ്പോർട്ട്‌ ചെയ്തത് ഡെയിലി മിററാണ്.

പതിനേഴ് മില്യൺ യൂറോയാണ് മെസ്സിക്ക് വേണ്ടി ഓഫർ ചെയ്യുക. എന്തെന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിന് മുമ്പ് മെസ്സി ബാഴ്സയുമായി കരാർ പുതുക്കിയില്ലെങ്കിൽ താരം ഫ്രീ ഏജന്റ് ആവും. അങ്ങനെ സംഭവിച്ചാൽ ഒരു ചില്ലിക്കാശ് പോലും മെസ്സിയുടെ വകുപ്പിൽ ബാഴ്‌സക്ക് ലഭിച്ചേക്കില്ല. അതിലും നല്ലത് പതിനേഴ് മില്യൺ യൂറോയാണ് എന്ന് ബാഴ്‌സ ചിന്തിച്ചാൽ താരം ജനുവരിയിൽ സിറ്റിയിൽ എത്തിയേക്കും.

എന്നാൽ മെസ്സി ഇതുവരെ തന്റെ ഭാവിയെ പറ്റി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ബാഴ്‌സയിൽ തുടരുമോ ബാഴ്സ വിടുമോ എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബാഴ്‌സ പ്രസിഡന്റും ബോർഡും മാറുകയും കൺവിൻസ്‌ ചെയ്യുകയും ചെയ്താൽ താരം ക്ലബ്ബിൽ തന്നെ തുടർന്നേക്കും. എന്നാൽ വിസമ്മതിച്ചാൽ താരത്തെ ആകാശനീല ജേഴ്‌സിയിൽ കാണാം.

Rate this post