മാഞ്ചസ്റ്റർ സിറ്റി അഭ്യൂഹങ്ങൾക്കിടെ മെസ്സിക്ക് പെപ്പിന്റെ വിലയേറിയ ഉപദേശം.

ബാഴ്സ വിടുമെന്നുറപ്പിച്ച മെസി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമായി കൊണ്ടിരിക്കുന്നത്. ബാഴ്സ നേതൃത്വവുമായി അസ്വാരസ്യങ്ങളുള്ള മെസി തന്റെ കരാർ ഒഴിവാക്കി ക്ലബ് വിടാൻ തീരുമാനിച്ചതു മൂലം ഇതു വരെയും പരിശീലനത്തിന് എത്തിയിട്ടില്ല. എന്നാൽ പ്രീമിയർ ലീഗിലേക്കുള്ള മെസിയുടെ ട്രാൻസ്ഫർ നടക്കില്ലെന്നും നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോൺട്രാക്ടിലെ പ്രത്യേക ഉടമ്പടി അനുസരിച്ച് കരാർ ഒഴിവാക്കി ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനാണ് മെസി ഒരുങ്ങുന്നത്. എന്നാൽ ഈ ഉടമ്പടി ജൂൺ പത്തു വരെ മാത്രമേ നിലനിൽക്കൂവെന്നാണ് ബാഴ്സ നേതൃത്വം പറയുന്നത്. ലാലിഗയും ഇക്കാര്യം സ്ഥിരീകരിച്ചു രംഗത്തെത്തിയിരുന്നു. ഇതു പ്രകാരം മെസിക്കു ക്ലബ് വിടണമെങ്കിലോ മെസിയെ മറ്റേതെങ്കിലും ക്ലബിനു സ്വന്തമാക്കണമെങ്കിലോ റിലീസിംഗ് തുകയായ 700 മില്യൺ യൂറോ നൽകേണ്ടി വരും.

ലാലിഗ നേതൃത്വവും ബാഴ്സ നേതൃത്വവും പറയുന്നതു പോലെയാണു കാര്യങ്ങളെങ്കിൽ മെസിയെ സ്വന്തമാക്കാൻ വൻ തുക തന്നെ മാഞ്ചസ്റ്റർ സിറ്റി നൽകേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അത്രയും വലിയൊരു തുക നൽകാൻ ക്ലബിനു കഴിയില്ലെന്നും അതു കൊണ്ട് മെസിയോട് ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാനോ കരിയർ അവിടെ തന്നെ അവസാനിപ്പിക്കാനോ പെപ് ഗാർഡിയോള ആവശ്യപ്പെട്ടുവെന്നുമാണ് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടിവോ റിപ്പോർട്ടു ചെയ്യുന്നത്.

അടുത്ത സീസണു ശേഷമാണെങ്കിൽ മെസിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാമെന്നാണ് സിറ്റി കരുതുന്നത്. എന്നാൽ ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാൻ നിലവിലെ സാഹചര്യത്തിൽ താരം തയ്യാറായേക്കില്ല. സിറ്റി കൈവിട്ടാൽ താരം പിഎസ്ജിയിലേക്കു ചേക്കേറാനാണ് കൂടുതൽ സാധ്യത.

Rate this post