തിരക്കേറിയ മത്സരഷെഡ്യൂൾ, മെസ്സിയുടെ കാര്യത്തിൽ പുതിയ തീരുമാനം കൈകൊള്ളാൻ കൂമാൻ !
സൂപ്പർ താരം ലയണൽ മെസ്സി തന്റെ ടീമിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് കൂമാനറിയാം. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ മത്സരങ്ങൾ മുന്നിൽ നിൽക്കുമ്പോൾ മെസ്സിയുടെ സാന്നിധ്യം ടീമിന് തുണയാവുമെന്നാണ് കൂമാൻ കരുതുന്നത്. എന്നാൽ ബാഴ്സയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വെല്ലുവിളി എന്നുള്ളത് തിരക്കേറിയ മത്സരഷെഡ്യൂളുകളാണ്. ഒന്നിന് പിറകെ ഒന്നായി മത്സരങ്ങളാണ് ബാഴ്സയെ കാത്തിരിക്കുന്നത്.
അത്കൊണ്ട് തന്നെ ശനിയാഴ്ച്ച രാത്രി നടക്കുന്ന ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകാനാണ് കൂമാൻ ഇപ്പോൾ ആലോചിക്കുന്നത്. ബാഴ്സയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും കളിച്ച മെസ്സി ഉടൻ തന്നെ അർജന്റീനക്ക് വേണ്ടി രണ്ട് മത്സരങ്ങളും കളിച്ചിരുന്നു. ബൊളീവിയക്കെതിരെയുള്ള മത്സരം കഴിഞ്ഞ ഉടനെ അവിടെ നിന്നും തിരിച്ച മെസ്സി ബാഴ്സയിൽ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തുടർച്ചയായ മത്സരങ്ങൾ ഈ മുപ്പത്തിമൂന്നുകാരനെ ബാധിക്കുമോ എന്നാണ് കൂമാൻ ഭയപ്പെടുന്നത്. അത്കൊണ്ട് തന്നെ ഒരുപക്ഷെ മെസ്സി ഗെറ്റാഫെക്കെതിരെ സൈഡ് ബെഞ്ചിലിരുന്നേക്കും.
Barcelona to consider resting Lionel Messi for tricky La Liga trip to Getafe this weekend https://t.co/qpIdWDXkO4
— footballespana (@footballespana_) October 15, 2020
ഇരുപത്തിയൊന്ന് ദിവസത്തിനിടെ ഏഴ് മത്സരങ്ങളാണ് ബാഴ്സക്കും മെസ്സിക്കും നേരിടേണ്ടി വന്നിരിക്കുന്നത്. ഗെറ്റാഫക്കെതിരെയുള്ള മത്സരം കഴിഞ്ഞാൽ മൂന്ന് ദിവസത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെ ബാഴ്സ നേരിടും. അതിന് ശേഷമാണ് വളരെ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങൾ ബാഴ്സ നേരിടേണ്ടി വരുന്നത്. ലാലിഗയിൽ എൽ ക്ലാസിക്കോയും ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയുള്ള മത്സരവും ബാഴ്സയെ കാത്തിരിപ്പുണ്ട്. ഈ മത്സരങ്ങളിലാണ് കൂമാന് മെസ്സിയെ ഏറ്റവും കൂടുതൽ ആവിശ്യം.
അതിന് ശേഷം ലീഗിൽ ഡിപോർട്ടിവോ അലാവസ്, റയൽ ബെറ്റിസ് എന്നിവരെ ബാഴ്സ നേരിടുന്നുണ്ട്. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെയും ബാഴ്സ നേരിടണം. നവംബർ എട്ടാം തിയ്യതിക്കുള്ളിലാണ് ഈ മത്സരങ്ങൾ എല്ലാം തന്നെ നടക്കുന്നത്. എന്നാൽ മെസ്സിക്ക് അതിന് ശേഷം അർജന്റീനയുടെ മത്സരങ്ങളും കളിക്കാനുണ്ട്. ഇതിനാലൊക്കെ തന്നെയും മെസ്സി ഗെറ്റാഫെക്കെതിരെ പുറത്തിരുത്താനാണ് കൂമാൻ ആലോചിക്കുന്നത്.