മെസ്സിയുടെ മടങ്ങി വരവിലെ ജേഴ്‌സി വിറ്റത് റെക്കോർഡ് തുകക്ക്, പണം ഉപയോഗപ്പെടുത്തുക ചാരിറ്റിക്ക് വേണ്ടി!

ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് എത്തിക്കാൻ നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. മെസ്സി തന്നെയാണ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം മെസ്സി പിഎസ്ജിക്ക് വേണ്ടി ആദ്യമായി കളിച്ചത് ആങ്കേഴ്സിനെതിരെയുള്ള മത്സരത്തിലായിരുന്നു. ആ മത്സരത്തിൽ മെസ്സി ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ മെസ്സി അണിഞ്ഞിരുന്ന ജേഴ്സി ഇപ്പോൾ പിഎസ്ജി സംഘടിപ്പിച്ച ലേലത്തിൽ വിറ്റു പോയിട്ടുണ്ട്. ലേലത്തിലെ റെക്കോർഡ് തുകയാണ് ലയണൽ മെസ്സിയുടെ ആ ജേഴ്‌സിക്ക് ലഭിച്ചിട്ടുള്ളത്.43,623 യുറോയാണ് മെസ്സി അണിഞ്ഞ ആ ഒരു ജേഴ്സിക്ക് മാത്രമായി ലഭിച്ചിട്ടുള്ളത്. ഒരു ചൈനീസ് വ്യക്തിയാണ് ആ ജഴ്സി സ്വന്തമാക്കിയിട്ടുള്ളത്.

22,000 യൂറോ മുതലാണ് ലേലം ആരംഭിച്ചിരുന്നത്. ഏഴാമത്തെ ബിഡിലാണ് മെസ്സിയുടെ ജേഴ്സിയുടെ ലേലം ഉറപ്പിച്ചത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തുക ചാരിറ്റിക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി കൈമാറുക. പ്രധാനപ്പെട്ട ഫ്രഞ്ച് മീഡിയയായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലയണൽ മെസ്സിയുടെ ആങ്കേഴ്സിനെതിരെയുള്ള ജേഴ്സിയെ കൂടാതെ നെയ്മർ ജൂനിയറുടെയും കിലിയൻ എംബപ്പേയുടെയും ജേഴ്‌സി പിഎസ്ജി ലേലം ചെയ്തിട്ടുണ്ട്.എംബപ്പേയുടെ രണ്ട് ജേഴ്സികൾ വിറ്റു പോയത് €14,083,€15,017 എന്നീ തുകകൾക്കാണ്. അതേസമയം നെയ്മറുടെ ജേഴ്സിയുടെ വില താരസമയം കുറവായിരുന്നു.€7,894 എന്ന തുകക്കാണ് നെയ്മറുടെ ജേഴ്സി ലേലത്തിൽ വിറ്റു പോയിരുന്നത്.

ഈ മൂന്ന് താരങ്ങൾ ഇറങ്ങിയിട്ടും കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി റെന്നസിനോട് പരാജയപ്പെട്ടിരുന്നു.ഇനി പിഎസ്ജി ഒരു ഫ്രണ്ട്‌ലി മത്സരമാണ് കളിക്കുക. സൗദി അറേബ്യയിലെ ഓൾ സ്റ്റാർ ഇലവനാണ് പിഎസ്ജിയുടെ എതിരാളികൾ. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ മത്സരത്തിൽ നേർക്കുനേർ വരുന്നുണ്ട്.

Rate this post
Lionel Messi