മെസിയുടെ പിതാവ് ബാഴ്‌സലോണയിൽ, പിഎസ്‌ജിയുമായി നടത്തിയ ചർച്ചകൾ പരാജയം |Lionel Messi

അർജന്റീന സൂപ്പർതാരം ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ ആശങ്ക വർധിക്കുന്നു. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന്റെ പിതാവും ഏജന്റുമായ ജോർജ് മെസിയും പിഎസ്‌ജിയും തമ്മിൽ നടന്ന ചർച്ചകൾ വിജയം കണ്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേതുടർന്ന് ചർച്ചകൾക്ക് ശേഷം മെസിയുടെ പിതാവ് ബാഴ്‌സലോണയിൽ എത്തിയിട്ടുണ്ട്.

പ്രതിഫലവുമായി ബന്ധപ്പെട്ട നിലപാടുകളാണ് കരാർ സംബന്ധിച്ച ചർച്ചകളിൽ തടസമായി നിൽക്കുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ബാധിക്കാതിരിക്കാൻ മെസി നിലവിലെ പ്രതിഫലം കുറക്കണമെന്നാണ് പിഎസ്‌ജിയുടെ ആവശ്യമെന്ന് എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലോകകപ്പ് വിജയിച്ച് ലോകഫുട്ബോളിലെ സൂപ്പർതാരമായി നിൽക്കുന്ന മെസി പ്രതിഫലം കുറക്കാനുള്ള സാധ്യതയില്ല.

മെസി പിഎസ്‌ജി വിടാനുള്ള തീരുമാനം എടുത്തു കഴിഞ്ഞുവെന്നും ഫ്രഞ്ച് മാധ്യമം പറയുന്നു. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ലയണൽ മെസി താമസിക്കുന്ന മാൻഷനുമായുള്ള കരാർ ഇതുവരെയും പുതുക്കിയിട്ടില്ല. താരം ക്ലബ് വിടുമെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നെയ്‌മറെ ഒഴിവാക്കാനുള്ള തീരുമാനവും മെസിയുടെ കരാർ പുതുക്കലിനെ ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം ബാഴ്‌സലോണയുമായുള്ള കരാർ ചർച്ചകൾക്കല്ല മെസിയുടെ പിതാവ് സ്പെയിനിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. മെസിയുടെ ഭാവിയെക്കുറിച്ചോ പിഎസ്‌ജിയുമായുള്ള കരാർ ചർച്ചകളെ കുറിച്ചോ സംസാരിക്കാൻ ജോർജ് മെസി തയ്യാറായില്ല. പിഎസ്‌ജി വിടുകയാണെങ്കിൽ മെസിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്കാണ് സാധ്യതയെന്നാണ് ലഭ്യമായ വിവരം.

Rate this post
Lionel Messi