ലയണൽ മെസ്സിയുടെ പരിക്കിന്റെ പുതിയ അപ്ഡേഷൻ നൽകി പരിശീലകൻ ഗാൾട്ടിയർ |Lionel Messi

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് വിജയത്തിന്റെ വക്കിൽ എത്തിയതിനു ശേഷം തോൽവി വഴങ്ങിയാണ് പിഎസ്‌ജി പുറത്തായത്. ഈ സീസണിൽ അങ്ങിനെയൊരു അനുഭവമുണ്ടാകാൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി കൊതിക്കുന്ന പിഎസ്‌ജി ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല.

അതിനിടയിൽ മത്സരത്തിനായി ഒരുങ്ങുന്ന പിഎസ്‌ജിക്ക് കനത്ത തിരിച്ചടി നൽകിയാണ് എംബാപ്പെ പരിക്കേറ്റു പുറത്തു പോയത്. താരം ആദ്യപാദത്തിൽ കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനു പിന്നാലെ മാഴ്‌സക്കെതിരായ മത്സരത്തിനു ശേഷം ലയണൽ മെസിക്കും പരിക്ക് പറ്റിയെന്നും താരത്തിനും മത്സരം നഷ്‌ടമാകുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

എന്നാൽ ലയണൽ മെസിയുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ടെന്നാണ് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്. എംബാപ്പെ പരിക്കിൽ നിന്നും മോചിതനാവുകയാണെന്നു പറഞ്ഞ ഫ്രഞ്ച് പരിശീലകൻ മെസി തിങ്കളാഴ്‌ച പരിശീലനം ആരംഭിക്കുമെന്നും വ്യക്തമാക്കി. ഇതോടെ മൊണോക്കോയുമായി നടക്കുന്ന ലീഗ് മത്സരത്തിൽ താരം കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പിഎസ്‌ജിയെ സംബന്ധിച്ച് വളരെ നിർണായകമാണ് ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരം. രണ്ടാം പാദത്തിൽ എംബാപ്പെ കളിക്കുമെന്നതിനാൽ ആദ്യപാദത്തിൽ വിജയം നേടേണ്ടത് അവർക്ക് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ലയണൽ മെസിക്ക് മത്സരം നഷ്‌ടമാകില്ലെന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. എന്നാൽ പിഎസ്‌ജിയുടെ നിലവിലെ ഫോമില്ലായ്‌മ പരിശീലകൻ ഗാൾട്ടിയാർക്ക് ചെറിയ ഭീഷണിയാണ്.

Rate this post