“ലിയോണിനെതിരെ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിക്കുമോ? , മെസ്സി എന്ന് തിരിച്ചു വരും ?”

ക്രിസ്മസ് അവധിക്കാലത്ത് കോവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ ഐസൊലേഷനിലാണ്. ഞായറാഴ്ച ഫ്രഞ്ച് കപ്പിൽ വാനെസിനെതിരായ പിഎസ്ജിയുടെ ഈ വർഷത്തെ ആദ്യ മത്സരം അദ്ദേഹത്തിന് നഷ്ടമായി. ലിയോണിനെതിരായ ലീഗ് മത്സരവും അദ്ദേഹത്തിന് നഷ്ടമാവും.34-കാരന് പരിശീലനത്തിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചെങ്കിലും വ്യക്തിഗത പരിശീലന സെഷനുകളിൽ മാത്രമാണ് മെസ്സി പങ്കെടുത്തത്.

TyC സ്‌പോർട് പ്രകാരം, PSG സൂപ്പർ താരം ലയണൽ മെസ്സി ജനുവരി 15 ന് ലീഗ് 1 ൽ ബ്രെസ്റ്റിനെതിരെ വീണ്ടും കളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ COVID-19 ൽ നിന്ന് കരകയറുന്ന ഒരേയൊരു PSG താരം മെസ്സി മാത്രമല്ല. എയ്ഞ്ചൽ ഡി മരിയ, ഗോൾകീപ്പർ കെയ്‌ലർ നവാസ് തുടങ്ങിയ പ്രധാന കളിക്കാരും വൈറസുമായുള്ള പോരാട്ടത്തിന് ശേഷം സുഖം പ്രാപിച്ചു വരികയാണ്. ഫ്രാൻസിൽ കോവിഡ് കേസിന്റെ കുത്തനെയുള്ള വർധനവാണ് വന്നിരിക്കുന്നത്.കഴിഞ്ഞയാഴ്ച ഒരു ദിവസം 200,000 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം കാൽമുട്ടിന് പരുക്ക് പറ്റിയ നെയ്മർ തിരിച്ചു വരൻ ഇനി മൂന്നാഴ്ച കൂടി സമയം എടുക്കും.ഫസ്റ്റ്-ടീം ഓപ്ഷനുകൾ കുറവായതിനാൽ വാനെസിനെതിരെ 4-0 ന് വിജയിച്ച ടീം തന്നെയാവും ലിയോണിനെതിരെ പോച്ചെറ്റിനോ നിലനിർത്തുക.ഈ വർഷത്തെ തങ്ങളുടെ ആദ്യ ലീഗ് മത്സരത്തിൽ വിജയിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. 19 മത്സരങ്ങൾക്ക് ശേഷം 46 പോയിന്റുമായി ലീഗ് 1 സ്റ്റാൻഡിംഗിൽ ഒന്നാമതാണ് പിഎസ്ജി .രണ്ടാം സ്ഥാനത്തുള്ള നൈസിനേക്കാൾ 13 പോയിന്റ് മുകളിലാണ് പിഎസ് ജി.

പാരിസിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭയോട് നീതിപുലർത്തുന്ന പ്രകടനം മെസ്സിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് മെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മെസ്സി പിഎസ്‌ജിയിൽ ചേരുന്നതിനു ശേഷം മെസ്സി 16 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ സീസണു ശേഷം പിഎസ്‌ജി വിടുന്നതിനെക്കുറിച്ച് മെസി ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു.ഈ സീസണിൽ പിഎസ്ജി യിൽ എത്തിയ ലയണൽ മെസ്സിക്ക് തുടക്കത്തിൽ ക്ലബ്ബുമായി പൊരുത്തപെടാനായില്ല. ഫ്രഞ്ച് ലീഗിലെ ഫിസിക്കൽ ഗെയിമിനോടും, സാഹചര്യങ്ങളോടും അര്ജന്റീനിയൻ സൂപ്പർ താരത്തിന് ഇണങ്ങി ചേരാൻ സാധിച്ചില്ല.നെയ്‌മറിനും കൈലിയൻ എംബാപ്പെക്കുമൊപ്പം ഒരു സൂപ്പർ സ്‌ട്രൈക്ക് ഫോഴ്‌സ് രൂപീകരിക്കാൻ ഇതുവരെ മെസ്സിക്ക് സാധിച്ചിട്ടില്ല.

Rate this post