ഫിഫ ലോകകപ്പ് അടുത്തിരിക്കെ ഡി മരിയയുടെ കാര്യത്തിലും ഡിബാലയുടെ കാര്യത്തിലും മെസ്സി നൽകുന്ന മറുപടി
ഫിഫ വേൾഡ് കപ്പ് തൊട്ടരികിൽ എത്തിനിൽക്കുന്ന ഈ സമയത്ത് തങ്ങളുടെ വളരെ നിർണ്ണായകമായ താരങ്ങൾക്ക് പരിക്കേൽക്കുന്നത് അർജന്റീനക്ക് ആശങ്ക നൽകുന്ന ഒരു കാര്യമാണ്.ലയണൽ മെസ്സിക്ക് ചെറിയ രൂപത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്.
സൂപ്പർ താരങ്ങളായ ഡി മരിയ,ഡിബാല എന്നിവരുടെ പരിക്കുകളാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡി മരിയയുടെ പരിക്ക് വേൾഡ് കപ്പിനെ ബാധിക്കില്ല.20 ദിവസത്തെ വിശ്രമത്തിന് ശേഷം താരം കളിക്കളത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷകൾ.
ഡിബാലക്ക് കൂടുതൽ വിശ്രമം വേണ്ടി വന്നേക്കും.പക്ഷേ അദ്ദേഹം വേൾഡ് കപ്പിൽ നിന്നും പുറത്തായിട്ടില്ല. അദ്ദേഹത്തെ അർജന്റീന പരിശീലകൻ പ്രിലിമിനറി സ്ക്വാഡിൽ ഉൾപ്പെടുത്തിയേക്കും. പിന്നീട് നവംബറിലെ രണ്ടാമത്തെ ആഴ്ചയിൽ പരിശോധന നടത്തിയതിനുശേഷം ഫൈനൽ സ്ക്വാഡിൽ ഉൾപ്പെടുത്തണോ എന്നുള്ള കാര്യത്തിൽ തീരുമാനം എടുത്തേക്കും.
ഈ രണ്ട് താരങ്ങളെക്കുറിച്ചും മെസ്സി തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഇരുവരും ഖത്തർ വേൾഡ് കപ്പിന് മുന്നേ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നുള്ള വിശ്വാസമാണ് ലയണൽ മെസ്സി വെച്ച് പുലർത്തുന്നത്.പാബ്ലോ ഗിറാൾട്ടുമായി നടത്തിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം പറഞ്ഞത്.
‘ വരുന്ന വേൾഡ് കപ്പിലേക്ക് നല്ല രൂപത്തിൽ എത്താൻ ആവശ്യമായ സമയം പൗലോ ഡിബാലക്കും എയ്ഞ്ചൽ ഡി മരിയക്കും മുന്നിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ‘ ലയണൽ മെസ്സി പറഞ്ഞു. ഈ രണ്ട് താരങ്ങളും വേൾഡ് കപ്പിന് ഉണ്ടാവാൻ മെസ്സി ആഗ്രഹിക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. അർജന്റീനയുടെ പ്രധാനപ്പെട്ട താരങ്ങളാണ് ഈ രണ്ടുപേരും.അവരുടെ സാന്നിധ്യം അർജന്റീനക്ക് വരുന്ന വേൾഡ് കപ്പിൽ ആവശ്യമാണ്.