ഇങ്ങിനെയൊക്കെ അഭിനന്ദിക്കാമോ, മെസിയെ ചിരിപ്പിച്ച ആരാധകന്റെ വാക്കുകൾ വൈറലാകുന്നു

മെസിയുടെയും മെസി ആരാധകരുടെയും ഏറെ നാളത്തെ നിരാശക്ക് അന്ത്യം കുറിച്ചാണ് ബാഴ്സലോണയും റയൽ ബെറ്റിസും തമ്മിലുള്ള ലാലിഗ മത്സരം പൂർത്തിയായത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കു ബാഴ്സലോണ വിജയം നേടിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണു കളത്തിലിറങ്ങിയതെങ്കിലും നിറഞ്ഞാടിയ പ്രകടനമാണ് നായകൻ കാഴ്ച വെച്ചത്. ഈ സീസണിൽ ഓപ്പൺ പ്ലേ ഗോൾ നേടിയിട്ടില്ലെന്ന പരാതിയും താരം തീർത്തു കൊടുത്തു.

വളരെയധികം സംഘർഷഭരിതമായ സമ്മർ ട്രാൻസ്ഫർ ജാലകവും സമ്മിശ്രമായ പ്രകടനം കാഴ്ച വെച്ച സീസണിന്റെ തുടക്കത്തിനും ശേഷം മെസി ആസ്വദിച്ചത് ഈ മത്സരത്തിലാണെന്നതുറപ്പാണ്. മത്സരത്തിനു ശേഷം തിരിച്ചു പോകുമ്പോൾ ഒരു ആരാധകൻ പറഞ്ഞ വാക്കുകൾക്ക് മെസി നൽകിയ പ്രതികരണം താരത്തിന്റെ സന്തോഷം വ്യക്തമാക്കുന്നതായിരുന്നു.

മത്സരത്തിനു ശേഷം ക്യാമ്പ് നൂ കാർ പാർക്കിങ്ങിൽ നിന്നും പുറത്തു കടക്കാൻ കാത്തു നിൽക്കുന്നതിനിടെയാണ് ആരാധകർ മെസിക്കു ചുറ്റും കൂടിയത്. കാറിനുള്ളിലിരിക്കുന്ന മെസിയോട് ഒരാരാധകൻ പറഞ്ഞത് “ലിയോ, ഞാൻ നിങ്ങളെ എന്റെ അച്ഛനേക്കാൾ ഇഷ്ടപ്പെടുന്നു” എന്നായിരുന്നു. ആരാധകന്റെ വ്യത്യസ്തമായ പ്രതികരണം കേട്ട് താരം ചിരിക്കുകയും ചെയ്തു.

റയൽ ബെറ്റിസിനെതിരായ മത്സരം മെസിക്ക് പുതിയ തുടക്കം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പുതിയ താരങ്ങൾക്കൊപ്പം ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്ന നായകൻ തന്റെ മികവിലേക്കെത്തിയാലേ ബാഴ്സലോണക്ക് കിരീട പ്രതീക്ഷയുള്ളു.