മെസ്സി പ്രീമിയർ ലീഗിലേക്ക് വരണം, പക്ഷെ ലിവർപൂൾ സൈൻ ചെയ്യരുത്, കാരണം വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം.
ഈ വരുന്ന സീസണിൽ താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് ലയണൽ മെസ്സി പ്രഖ്യാപിച്ചെങ്കിലും അടുത്ത സീസണിൽ താരം ബാഴ്സയിൽ കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായതാണ്. തന്നെ വിടാത്തത് കൊണ്ടാണ് താൻ ബാഴ്സയിൽ നിന്ന് പോവാത്തത് എന്ന് വെളിപ്പെടുത്തിയ മെസ്സി അടുത്ത വർഷം കരാർ അവസാനിക്കുന്നതോട് കൂടി ബാഴ്സ വിടും എന്നുറപ്പാണ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസ്സി കൂടുമാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
എന്നാൽ മെസ്സിയെ സൈൻ ചെയ്യരുത് എന്ന് ലിവർപൂളിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. താരവുമായുള്ള അഭിമുഖം പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെസ്സിയെ സൈൻ ചെയ്യുമ്പോൾ പ്രായം കൂടി പരിഗണിക്കണം എന്നാണ് കാരഗർ പറഞ്ഞിരിക്കുന്നത്. മെസ്സിയെ സൈൻ ചെയ്തു എന്ന് വിചാരിച്ച് നിങ്ങൾക്ക് വിജയിക്കാനാവുമെന്നും കിരീടം ലഭിക്കുമെന്നും ഒരുറപ്പുമില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. താരു സിറ്റി ഫാൻ ആയിരുന്നുവെങ്കിൽ മെസ്സിയെ സിറ്റി സൈൻ ചെയ്യുന്നത് ഇഷ്ടപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Jamie Carragher explains why he wouldn't have wanted Liverpool to sign Lionel Messi https://t.co/SNT6OmaHUf
— Mirror Football (@MirrorFootball) September 5, 2020
” ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ മെസ്സി പ്രീമിയർ ലീഗിലേക്ക് വരുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തെ പ്രീമിയർ ലീഗിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഓരോ ആഴ്ച്ചയിലും ഞാൻ അദ്ദേഹത്തിന്റെ കളി കാണാൻ ഇഷ്ടപ്പെടുന്നു. അത് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യവുമാണ്. പക്ഷെ ഞാൻ അദ്ദേഹത്തെ ലിവർപൂൾ സൈൻ ചെയ്യരുത് എന്നേ പറയൂ. ഇനി ഞാനൊരു സിറ്റി ആരാധകൻ ആണെങ്കിൽ, സിറ്റിയോടും അദ്ദേഹത്തെ സൈൻ ചെയ്യരുത് എന്നേ പറയൂ ” കാരഗർ തുടർന്നു.
” ഒരു താരത്തെ സൈൻ ചെയ്യുമ്പോൾ ആ താരത്തിന്റെ വയസ്സും കൂടി പരിഗണിക്കണം. ആ നിലക്ക് അദ്ദേഹത്തെ എന്റെ ടീമിൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മെസ്സി പ്രീമിയർ ലീഗിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നു. അത് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ആവുന്നതും എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്. തീർച്ചയായും സിറ്റിയെ മികച്ചതാക്കാൻ മെസ്സിക്ക് സാധിക്കും. പക്ഷെ ലിവർപൂൾ ബാഴ്സയെ നാലു ഗോളിന് തോൽപ്പിച്ചിരുന്നു. മാത്രമല്ല ബാഴ്‌സക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗോ ലാലിഗയോ നേടാൻ കഴിഞ്ഞിട്ടില്ല. തീർച്ചയായും നമ്മൾ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ അദ്ദേഹത്തെ എത്തിച്ചു എന്ന് കരുതി നിങ്ങൾ വിജയശ്രീലാളിതരാവണമെന്നില്ല ” കാരഗർ പറഞ്ഞു.