എതിരാളികൾ മികച്ചതെങ്കിൽ മെസിയെ കളിക്കളത്തിൽ കാണില്ല, തുറന്നടിച്ച് അർജന്റീന ഇതിഹാസം

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നു നിസംശയം പറയാമെങ്കിലും നായകനെന്ന നിലയിലുള്ള മെസിയുടെ കഴിവിനെ ചോദ്യം ചെയ്ത് അർജൻറീനയുടെ ഇതിഹാസതാരം ക്ളൗഡിയോ കനിജിയ. സ്വന്തം ടീമിനേക്കാൾ മികച്ചതാണ് എതിരാളികളെങ്കിൽ മെസിയുടെ പ്രകടനം മോശമാകുമെന്നും ടീമിനെ ഒത്തിണക്കത്തോടെ ഒരുമിച്ചു നിർത്താൻ മെസിക്കു കഴിയില്ലെന്നും കനീജിയ അഭിപ്രായപ്പെട്ടു.

“മെസിക്ക് നേതൃഗുണം ഇല്ലെന്നാണ് എന്റെ അഭിപ്രായം. സ്വന്തം ടീമല്ല മികച്ചതെങ്കിൽ മെസിയുടെ പ്രകടനം മോശമാകും. മെസി ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹത്തിന് നല്ലൊരു മനോഭാവമുണ്ടെന്നും അറിയാം. എന്നാൽ സ്വന്തം ടീം മറ്റുള്ളവരേക്കാൾ മോശമാകുമ്പോൾ അദ്ദേഹം പതറുകയാണു ചെയ്യുക.” കനാൽ 26നോട് കനിജിയ പറഞ്ഞു.

ബാഴ്സ വിടുന്നതുമായി ബന്ധപ്പെട്ട് മെസിക്കു ലഭിച്ച നിയമോപദേശം വളരെ മോശമായിരുന്നുവെന്ന അഭിപ്രായവും കനീജിയ നടത്തി. “ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടണമെന്ന നിയമോപദേശം നൽകിയത് ശരിയായില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ആമ തല വലിക്കുന്നതു പോലെയാണത്. ബാഴ്സ വിടണമെന്ന് മെസിക്ക് യാതൊരു താൽപര്യവുമില്ല.” അദ്ദേഹം വ്യക്തമാക്കി.

നേതൃത്വവുമായി പ്രശ്നങ്ങളുണ്ടെങ്കിലും ബാഴ്സയുടെ പ്രീ സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് മെസി നടത്തിയത്. ഈ മാസം ഇരുപത്തിയെട്ടിന് വിയ്യാറയലിനെതിരെ ബാഴ്സ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ താരത്തെ തന്നെയാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Rate this post