ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയായതിനു ശേഷം കളിക്കാർ പരസ്പരം ജേഴ്സി കൈമാറുന്നത് സാധാരണയാണ്. എന്നാൽ എതിർ ടീമിന്റെ പരിശീലകൻ ജേഴ്സി ആവശ്യപ്പെടുകയെന്ന അപൂർവ്വ സംഭവമാണ് ബാഴ്സലോണയും ഡൈനാമോ കീവും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം നടന്നത്. ബാഴ്സലോണ നായകൻ മെസിയുടെ ജേഴ്സിയാണ് ഡൈനാമോ കീവ് പരിശീലകൻ മിർസിയ ലുസെസ്കു ആവശ്യപ്പെട്ടത്.
മത്സരത്തിൽ ഒരു ഗോൾ നേടുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത മെസിയോട് കളിക്കു ശേഷം ലുസെസ്കു ജേഴ്സി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം താരങ്ങൾ പരസ്പരം ജേഴ്സി കൈമാറുന്നതിനു വിലക്കുള്ളതിനാൽ താൻ കളിക്കിടയിൽ അണിഞ്ഞ ജേഴ്സി നൽകാൻ മെസി തയ്യാറായില്ല. പകരം പുതിയ ജേഴ്സിയാണ് ബാഴ്സലോണ നായകൻ നൽകിയത്.
ഫുട്ബോൾ ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത രംഗമായിരുന്നു ഇതെന്ന് പലരുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണം വ്യക്തമാക്കുന്നു. പൊതുവെ ഗൗരവം വിടാൻ തയ്യാറാകാത്തവരാണ് പരിശീലകർ. അതിനെ പൊളിച്ചടുക്കി തന്റെ ഇഷ്ടതാരത്തിന്റെ ജേഴ്സി ആവശ്യപ്പെട്ട ഡൈനാമോ കീവ് പരിശീലകന് അഭിനന്ദനവും പലരും നൽകുന്നുണ്ട്. ഈ സീസണിൽ കണ്ട ഏറ്റവും മികച്ച രംഗമാണിതെന്നും ചിലർ കുറിച്ചു.
മത്സരത്തിനു മുൻപു തന്നെ മെസിയെ ഡൈനാമോ കീവ് പരിശീലകൻ പ്രശംസിച്ചിരുന്നു. തന്നേക്കാളേറെ ടീമിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മെസി ഗോൾ നേടുകയും ഗോളിനു വഴിയൊരുക്കുകയും യുവതാരങ്ങൾക്കു വളർന്നു വരാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ടെന്നാണ് ലുസെസ്കു അഭിപ്രായപ്പെട്ടത്.