അർജന്റീനയുടെ പുത്തൻ താരോദയം : ‘മെക്സിക്കൻ മെസ്സി’

ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ ഈ വർഷം പ്രഖ്യാപിച്ച ലോക ഫുട്ബോളിലെ മികച്ച 60 യുവ പ്രതിഭകളിൽ, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ലാസിയോ താരം ലൂക്കാ റൊമേറോയെ ഉൾപ്പെടുത്തി. ബാഴ്‌സലോണയുടെ ഗാവി, മാഞ്ചസ്റ്റർ സിറ്റിയുടെ റോമിയോ ലാവിയ തുടങ്ങിയ പ്രതിഭകൾക്കൊപ്പം ഇടം നേടിയ ലൂക്കാ റൊമേറോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്.

16 കാരനായ അർജന്റീനിയൻ മിഡ്‌ഫീൽഡർ, ഈ വർഷം ജൂലൈയിലാണ് സ്പാനിഷ് ടീമായ ആർസിഡി മല്ലോർക്കയിൽ നിന്ന് ഏകദേശം 200,000 യൂറോയുടെ കരാറിൽ ലാസിയോയിൽ എത്തുന്നത്. തൊട്ടടുത്ത മാസമായ ഓഗസ്റ്റിൽ, സ്പെസിയയുമായി നടന്ന മത്സരത്തിൽ, അവസാന ഒമ്പത് മിനിറ്റ് കളിച്ച് പരിശീലകൻ മൗറിസിയോ സാറിയുടെ കീഴിൽ ലാസിയോയ്ക്ക് വേണ്ടി റൊമേറോ തന്റെ സീരി എ അരങ്ങേറ്റം നടത്തി. അപ്പോൾ റൊമേറോക്ക് പ്രായം, 16 വയസ്സും 9 മാസവും 10 ദിവസവും. ഇതോടെ ലാസിയോക്ക് വേണ്ടി സീരി എയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് റൊമേറോ സ്വന്തമാക്കി.

15 വയസ്സും 219 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആർസിഡി മല്ലോർക്കയ്ക്കുവേണ്ടി അരങ്ങേറി, ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും അർജന്റീനിയൻ ഫോർവേഡ് സ്ഥാപിച്ചിരുന്നു. ഇടങ്കാലനായ റൊമേറോയുടെ ഉയരവും പന്തടക്കവും വേഗതയും ഡ്രിബ്ലിംഗ് കഴിവും കാരണം അവനെ ലയണൽ മെസ്സിയുമായി ചിലർ താരതമ്യപ്പെടുത്തുന്നു. മാത്രമല്ല, ചിലർ റൊമേറോയെ ‘ബേബി മെസ്സി’ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ, ‘മെക്സിക്കൻ മെസ്സി’ എന്നൊരു പേര് കൂടെ ഉണ്ട്.

മെക്സിക്കോയിൽ ജനിച്ച റൊമേറോ, മെക്സിക്കോക്ക് വേണ്ടിയും പിതാവിന്റെ രാജ്യമായ അർജന്റീനക്ക് വേണ്ടിയും ദേശീയ തലത്തിൽ കളിക്കാൻ യോഗ്യനാണ്. എന്നാൽ, അവൻ അർജന്റീന തിരഞ്ഞെടുക്കുകയും, അർജന്റീന അണ്ടർ-15 ടീമിൽ കളിക്കുകയും ചെയ്തു. നിലവിലെ അർജന്റീന അണ്ടർ-17 ടീമിന്റെ ഭാഗമാണ് റൊമേറോ. അർജന്റീനക്ക് വേണ്ടി കളിക്കുന്നത് കൊണ്ട്, മെസ്സിയുടെ പിന്മുറക്കാരനായി വരെ ആരാധകർ റൊമേറോയെ വാഴ്ത്തുന്നു.

എന്നാൽ, അന്താരാഷ്ട്ര തലത്തിലെ റൊമേറോയുടെ ആദ്യ പരിശീലകനായ അലജാൻഡ്രോ സഗെസെ പറയുന്നത് ഇങ്ങനെയാണ്, “റൊമേറോ മികച്ച ഭാവിയുള്ള താരമാണ്. എന്നാൽ, നിലവിൽ അവനെ മെസ്സിയുമായി താരതമ്യം ചെയ്യരുത്. രേഖകളിൽ അവന്റെ പേര് ലൂക്ക റൊമേറോ എന്നാണ്. അവൻ അവന്റെ കഥ രചിക്കട്ടെ.”

സിറോ ഇമ്മൊബൈൽ, ലൂക്കാസ് ലീവ, ലൂയിസ് ആൽബെർട്ടോ, ഫ്രാൻസെസ്‌കോ അസെർബി തുടങ്ങിയ കളിക്കാർ കുറഞ്ഞ ട്രാൻസ്ഫർ ഫീസിൽ ലാസിയോയിൽ എത്തി, മികച്ച പ്രകടനം കാഴ്ചവച്ച് ടീമിലെ അഭിവാജ്യ ഘടകമായവരാണ്. ലൂക്കാ റൊമേറോയും ആ പാത പിന്തുടരുന്ന അടുത്ത കളിക്കാരനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

16 ആം വയസ്സിൽ തന്നെ, കളിക്കളത്തിലെ തന്റെ സാങ്കേതിക കഴിവിന് പേരുകേട്ട ലൂക്ക റൊമേറോ, അർജന്റീനിയൻ ആരാധകർക്ക് നൽകുന്ന മോഹങ്ങൾ ചെറുതല്ല. മെസ്സിയും, അഗ്വേരോയും, ഡി മരിയയുമെല്ലാം പടിയിറങ്ങുമ്പോൾ അർജന്റീനിയൻ ടീമിൽ ഉണ്ടാകാൻ പോകുന്ന വലിയ വിടവുകൾ നികത്താൻ ഉത്തരം തേടുന്ന ആരാധകർക്ക് ശുഭ പ്രതീക്ഷ നൽകുന്ന താരമാണ് ലൂക്ക റൊമേറോ.

Rate this post