മഴവില്ലഴക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, മെസ്സിയുടെ അത്ഭുതപ്രകടനത്തിൽ വിജയം സ്വന്തമാക്കി മിയാമി ക്വാർട്ടർ ഫൈനലിൽ.

അമേരിക്കൻ ഫുട്ബോൾ സീസണിലെ ലീഗ് കപ്പിന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ലിയോ മെസ്സിയുടെ ഗോളുകളുടെ ബലത്തിൽ വിരോചിതമായി തിരിച്ചുവരവ് നടത്തിയ ഇന്റർമിയാമി ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടി, തോൽക്കുമെന്ന് തോന്നിച്ച മത്സരത്തിൽ ആയിരുന്നു ഇന്റർമിയാമിയുടെ തിരിച്ചുവരവ് കണ്ടത്.

ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഇന്റർമിയാമി Vs എഫ്സി ഡലാസ് മത്സരത്തിൽ 6 മിനിറ്റിൽ തന്നെ ഗോൾ നേടി ലിയോ മെസ്സി ഇന്റർമിയാമിക്ക് ലീഡ് നൽകിത്തുടങ്ങി. എന്നാൽ 37, 45 മിനിറ്റുകളിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച ഹോം ടീമായ എഫ്സി ഡലാസ് ആദ്യപകുതിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി 63 മിനിറ്റിൽ വെലാസ്ക്കയിലൂടെ മൂന്നാം ഗോളും നേടി ലീഡ് ഉയർത്തിയ ഹോം ടീമിനെതിരെ 2 മിനിറ്റുകൾക്കപ്പുറം ക്രെമാഷിയുടെ ഗോളിൽ ഇന്റർമിയാമി ഒരു ഗോൾ തിരിച്ചടിച്ചു. 68 മിനിറ്റിൽ ഇന്റർ മിയാമി താരം ടൈലറിന്റെ സെൽഫ് ഗോളിലൂടെ 4-2 എന്ന സ്കോറിന് ലീഡ് നേടിയ ഹോം ടീമിനെതിരെ ഇന്റർമിയാമി അവസാന 10 മിനിറ്റുകളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സമനില നേടി.

80-മിനിറ്റിൽ എഫ്സി ഡലാസ് താരം ഫർഫാൻ നേടുന്ന സെൽഫ് ഗോളിൽ മൂന്നാം ഗോൾ നേടിയ ഇന്റർമിയാമിക്ക് വേണ്ടി കളിയിലെ തന്റെ രണ്ടാമത്തെ ഗോളുമായി ലിയോ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ എത്തിയതോടെ ഇന്റർമിയാമി മത്സരത്തിൽ തിരിച്ചുവരവ് നടത്തി 4 ഗോളുകളുടെ സമനില സ്വന്തമാക്കി.

നിശ്ചിത സമയത്ത് 4 ഗോളിന് സമനിലയിൽ അവസാനിച്ച മത്സരം പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഇന്റർമിയാമി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. ലിയോ മെസ്സി, സെർജിയോ ബുസ്ക്കറ്റ്സ് തുടങ്ങിയ ഇന്റർമിയാമി താരങ്ങൾ അഞ്ചും ഗോളാക്കി മാറ്റിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയ ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടി.