മിക്കേൽ സ്റ്റാറേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

രണ്ട് ദശാബ്ദത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കൽ സ്റ്റാറേ തൻ്റെ തന്ത്രപരമായ വൈദഗ്ദ്ധ്യത്താലും നേതൃത്വഗുണങ്ങളാലും പ്രശസ്തമാണ്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.

നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ചലനാത്മക പരിശീലന ശൈലിയും യുവ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള കഴിവും അദ്ദേഹത്തിൻ്റെ കരിയറിൽ ഉടനീളം പ്രകടമാണ്.

മാനേജ്‌മെൻ്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എൻ്റെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാനും സാധിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്റ്റാറേ കൂട്ടിച്ചേർത്തു

ഒരുപാട് ആകാംഷയും പ്രചോദനവും നിറഞ്ഞ ഒരു വ്യക്തിയാണ് മിക്കേൽ സ്റ്റാറേ. ഞങ്ങളുടെ പരിശീലകനിൽ ഞങ്ങൾ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാൾ. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്. സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്സിൽ ഞങ്ങളുടെ ഒപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു

മുഖ്യ പരിശീലകനെന്നതിന് പുറമേ, 1990-2005 കാലഘട്ടത്തിൽ ഗ്രോൻഡൽസ്, ഹാമർബി, എഐകെ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും സ്റ്റാറേ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ 2004ൽ എഐകെ അണ്ടർ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2/5 - (2 votes)