എന്റെ സഹതാരങ്ങളെ മിസ് ചെയ്യുന്നു, ലോകകപ്പ് വിജയത്തിന് ഒരു മാസം തികഞ്ഞപ്പോൾ സന്ദേശവുമായി ലയണൽ മെസി

ഖത്തർ ലോകകപ്പ് വിജയത്തിന് ഒരു മാസം തികഞ്ഞ അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെ സന്ദേശവുമായി ലയണൽ മെസി. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന പിന്നീട് ഒറ്റക്കെട്ടായി നിന്നു പൊരുതിയാണ് മത്സരത്തിൽ വിജയം നേടിയത്. ലോകകപ്പ് വിജയം നേടിയതിന്റെ സന്തോഷം പങ്കു വെച്ചതിനൊപ്പം തനിക്കൊപ്പം നിന്നു പൊരുതിയ സഹതാരങ്ങളെയെല്ലാം ലയണൽ മെസി ഓർമിക്കുകയുണ്ടായി.

“ഒരു ചാമ്പ്യനാവുകയെന്നത് തീർച്ചയായും എല്ലാറ്റിനെയും കൂടുതൽ മനോഹരമാക്കുന്നു. എത്ര ഭംഗിയുള്ള മാസമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒരുപാട് മനോഹരമായ ഓർമകൾ ലഭിച്ചു, അതിൽ പലതും മിസ് ചെയ്യുന്നു. എന്റെ സഹതാരങ്ങളെ മിസ് ചെയ്യുന്നു, അവർക്കൊപ്പമുള്ള ദിവസങ്ങൾ, മേറ്റ് കുടിക്കുന്നത്, സംസാരം, ട്രെയിനിങ് സെഷൻ. ഞങ്ങൾ ചെയ്‌ത എല്ലാ കാര്യങ്ങളും മിസ് ചെയ്യുന്നു.”

“ഞങ്ങൾ മനോഹരമായൊരു ഉന്മാദാവസ്ഥയിലാണ് ആ സമയങ്ങളിലെല്ലാം ഉണ്ടായിരുന്നത്. അതിനു ശേഷം ഞങ്ങൾ വളരെയധികം ആഗ്രഹിച്ച കിരീടം സ്വന്തമാക്കുകയും ചെയ്‌തു.” ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലയണൽ മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2014ൽ ഫൈനൽ വരെയെത്തി നഷ്‌ടപ്പെട്ടു പോയ കിരീടമാണ് മെസി എട്ടു വർഷങ്ങൾക്കിപ്പുറം സ്വന്തമാക്കിയത്.

ആത്മവിശ്വാസം കൈവിടാതെ പൊരുതിയാണ് അർജന്റീന ഇത്തവണ ലോകകപ്പ് ഉയർത്തിയത്. വിജയത്തിന്റെ അരികിൽ നിൽക്കുന്ന സമയത്ത് വീണു പോയെന്നു തോന്നിപ്പിക്കുന്ന പല നിമിഷങ്ങളും അർജന്റീനക്ക് ടൂർണമെന്റിൽ ഉണ്ടായിരുന്നു. എന്നാൽ അതിലൊന്നും ടീം ഒരിക്കലും പതറിയില്ല. മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് നേടിയ കിരീടത്തോടെ തന്റെ കരിയർ പൂർണമാക്കാനും മെസിക്കായി.

Rate this post