ഫൈവ് സ്റ്റാർ വിജയവുമായി മെസ്സിയും മിയാമിയും, മെസ്സിയുടെ തകർപ്പൻ ഗോളുകൾ ഇതാ..

മേജർ സോക്കർ ലീഗ് സീസണിലെ ഹോം മത്സരത്തിൽ ഫൈവ് സ്റ്റാർ വിജയവുമായി ലിയോ മെസ്സിയും ഇന്റർമിയാമിയും തകർക്കുകയാണ്. ഇന്ന് നടന്ന എം എൽ എസ് ലീഗ് മത്സരത്തിലാണ് മെസ്സിയും സംഘവും ഹോം സ്റ്റേഡിയത്തിൽ അഞ്ച് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയത്. മേജർ സോക്കർ ലീഗ് സീസണിലെ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ഇന്റർ മിയാമി ഇന്നത്തെ മത്സരത്തിൽ അഞ്ചു ഗോളുകളുടെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്.

ഇന്റർമിയാമിയുടെ അഞ്ചു ഗോളുകളുടെ വിജയത്തിൽ ഇരട്ടഗോളുകൾ സ്വന്തമാക്കിയ മിയാമിയുടെ മുന്നേറ്റനിര കൂട്ടായ ലിയോ മെസ്സിയും ലൂയിസ് സുവാരസും വലിയ പങ്ക് വഹിച്ചു. മേജർ സോക്കർ ലീഗിൽ തങ്ങളുടെ ആദ്യത്തെ മത്സരം വിജയിച്ചു തുടങ്ങിയ ഇന്റർമിയാമി രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഇന്നത്തെ മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിൽ മുന്നേറുകയാണ്. മൂന്നു മത്സരങ്ങളിൽ നിന്നും പരാജയം നേരിടാതെ 7 പോയന്റുകൾ സ്വന്തമാക്കിയ ഇന്റർമിയാമിയാണ് നിലവിൽ എം എൽ എസ് പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത്.

ഇന്റർമിയമിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്നത്തെ മത്സരത്തിൽ ഓർലാണ്ടോ സിറ്റിക്കെതിരെയാണ് ടാറ്റാ മാർട്ടിനോ പരിശീലകനായ മിയാമി ബൂട്ട് കെട്ടിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇന്റർമിയാമി ആധിപത്യം സ്ഥാപിച്ചു. 4, 11 മിനിറ്റുകളിൽ നേടുന്ന ഇരട്ട ഗോളുകളുമായി മിയാമിയുടെ ഉറുഗ്വ താരം ലൂയിസ് സുവാരസ്‌ മിയാമിക്ക് രണ്ട് ഗോൾ ലീഡ് നൽകി. 29മിനിറ്റിലെ ഗോളുമായി ടയ്‌ലർ ഇന്റർമിയാമിക്ക് ആദ്യപകുതിയിൽ മൂന്നു ഗോളുകളുടെ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 57, 62 മിനിറ്റുകളിലാണ് സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഗോളുകൾ വരുന്നത്. ജോർഡി ആൽബ ഷൂട്ട്‌ ചെയ്ത പന്ത് പോസ്റ്റിൽ തട്ടി തിരിച്ചുവന്നതോടെ ഒന്ന് വലയിലേക്ക് പന്ത് തട്ടേണ്ട ജോലിയെ മെസ്സിക്ക് ഉണ്ടായുള്ളൂ. കൂടാതെ സുവാറസിന്റെ അസിസ്റ്റിൽ നിന്നും മെസ്സി ഹെഡ്ഡർ ഗോൾ നേടി ഓർലണ്ടോ സിറ്റിക്കെതിരായ ഇന്റർമിയാമിയുടെ അഞ്ചു ഗോള്‍ വിജയം പൂർത്തിയാക്കി. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് കപ്പ്‌ മത്സരത്തിൽ നാഷ്വില്ലെയാണ് മിയാമിയുടെ എതിരാളികൾ.