അമേരിക്കൻ ലീഗിന്റെ ഒഫീഷ്യൽ പേജിൽ ബുസ്കറ്റ്സിന്റെ ചിത്രം മാറി, പകരം റയൽ മാഡ്രിഡ് പരിശീലകന്റെ ചിത്രം

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ സൈനിങ് ഒഫീഷ്യൽ ആയി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി പൂർത്തിയാക്കി കഴിഞ്ഞു. മെസ്സിയോടൊപ്പം തന്നെ ബാഴ്സലോണ താരമായിരുന്ന സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിന്റെ സൈനിങ് കൂടി ഇന്റർ മിയാമി പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം ലിയോ മെസ്സിയെയും സെർജിയോ ബുസ്കറ്റ്സിനെയും ഇന്റർ മിയാമി ആരാധകർക്ക് മുന്നിൽ ക്ലബ്ബ് പ്രസന്റേഷൻ ചെയ്തിരുന്നു. ലിയോ മെസ്സിക്കും ബുസ്കറ്റ്സിനുമെല്ലാം വമ്പൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്. എന്നാൽ ലിയോ മെസ്സിയെയും സെർജിയോ ബുസ്കറ്റ്സിനെയും സ്വാഗതം ചെയ്ത പോസ്റ്റുകൾ പങ്കുവെച്ച എം എൽ എസ് ചെറിയൊരു പുലിവാൽ പിടിച്ചിരിക്കുകയാണ്.

2010-ലെ ലോകകപ്പ്‌ നേടി ആഘോഷിക്കുന്ന സെർജിയോ ബുസ്കറ്റ്സിന്റെ വേൾഡ് കപ്പിന്റൊപ്പമുള്ള ചിത്രം പങ്കുവെച്ച എം എൽ എസ് മീഡിയ ടീം യഥാർത്ഥത്തിൽ പങ്കുവെച്ചത് ബുസ്കറ്റ്സിനെ പോലെ തോന്നിക്കുന്ന മറ്റൊരു സ്പാനിഷ് താരത്തിനെയാണ്. അൽവാരോ അർബെലോയെയാണ് എം എൽ എസ് പോസ്റ്റ്‌ ചെയ്തത്.

പിന്നീട് തെറ്റ് മനസിലായ അഡ്മിൻ പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് പുതിയൊരു പോസ്റ്റ്‌ പങ്കുവെച്ചു, കൂടാതെ എന്തുകൊണ്ടാണ് ഇവർ രണ്ട് പേരെയും കാണാൻ ഒരു പോലെ ഇരിക്കുന്നത് എന്നും തനിക്കു ഒരു കണ്ണട ആവശ്യമാണ് എന്നും എം എൽ എസ് പേജിന്റെ അഡ്മിൻ തമാശരൂപേണ ചോദിച്ചു. സ്പെയിനിന്റെ സുവർണ കാലഘട്ടത്തിൽ പന്ത് തട്ടി റയൽ മാഡ്രിഡി ജേഴ്സിയുമണിഞ്ഞ അൽവാരോ അർബെലോ നിലവിൽ റയൽ മാഡ്രിഡ്‌ യൂത്ത് ടീം പരിശീലകനാണ്.

5/5 - (1 vote)