കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു മലപ്പുറത്തുകാരൻ കൂടി |Kerala Blasters

കേരളാ ഫുട്ബാൾ ചരിതത്തിൽ ഒരുപാട് താരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് മലപ്പുറം. മലപ്പുറത്തുകാരുടെ ഫുട്ബോൾ ആവേശം ലോകമാധ്യമങ്ങളിൽ ഇടം പിടിച്ചതുമാണ്. ഇപ്പോഴിതാ മലപ്പുറത്ത് നിന്നും ഒരു താരം കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിൽ എത്തുകയാണ്.

മലപ്പുറം തിരൂർ സ്വദേശിയും ഇക്കഴിഞ്ഞ സന്തോഷ്‌ ട്രോഫി ഉയർത്തിയ കേരളാ ടീമിന്റെ താരമായ മുഹമ്മദ്‌ ഷഹീഫാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് അടുത്തിരിക്കുന്നത്. ലെഫ്റ്റ് ബാക്കായ ഷഹീഫ് ഇക്കഴിഞ്ഞ സന്തോഷ്‌ ട്രോഫിയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

താരം നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ട്രയലിലാണ്.താരത്തിന്റെ പ്രകടനം പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ഇഷ്ടപ്പെട്ടാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ കരാർ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിൽ താരവുമായി കേരളാ ബ്ലാസ്റ്റേഴ്സിന് കരാറില്ല. താരത്തിന്റെ ട്രയൽസിലെ പ്രകടനം കണക്കിലെടുത്താവും കരാർ കാര്യങ്ങൾ തീരുമാനിക്കുക.

താരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ കെ പി എല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് ഷഹീഫിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്.ലെഫ്റ്റ് വിങ് ബാൽക് ആയ ഷഹീഫ് അറ്റാക്കിലും ഡിഫൻസിലും ഒരു പോലെ മികവുള്ള താരമാണ്.