‘റഫറിമാരുടെ തീരുമാനങ്ങൾ എന്റെ കൈയിലല്ല, അതിനാൽ ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’ : റഫറിക്കെതിരെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ | Juan Ferrando

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ സീസണിലും എന്ന പോലെ റഫറിമാരുടെ നിലവാരമില്ലായ്മ തന്നെയാണ് ചർച്ച വിഷയം. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള നിരവധി ടീമുകൾക്ക് റഫറിയുടെ തീരുമാനങ്ങൾ വലിയ തിരിച്ചടി നൽകിയിട്ടുണ്ട്. മത്സരത്തിൽ അർഹതപ്പെട്ട പോയിന്റുകൾ നഷ്ടപെടുന്നതിനും റഫറിമാരുടെ തീരുമാനങ്ങൾ കാരണമായിട്ടുണ്ട്.

റഫറിമാരെ വിമർശിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് കഴിഞ്ഞ മത്സരത്തിൽ വിലക്ക്‌ ലഭിക്കുകയും ചെയ്തു, റഫറിമാരുടെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന പരിശീലകർക്കെതിരെയും ടീമുകൾക്കെതിരെയും പ്രതികാര നടപടിയാണ് ഐഎസ്എൽ അധികൃതർ എടുക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി വിവാദ ഗോൾ അനുവദിച്ച് നൽകിയ റഫറിയായ ക്രിസ്റ്റൽ ജോണിനെതിരെ പരാതി ഉയർന്നെങ്കിലും അദ്ദേഹത്തിനെ ഒരു നടപടിയും എടുത്തത്തുമില്ല AIFF സംരക്ഷിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ മോഹൻ ബഗാനിന്റെ പരിശീലകനായ യുവാൻ ഫെറാണ്ടോ റഫറിയുടെ പേരെടുത്ത് തന്നെ വിമർശിച്ചിട്ടുണ്ട്. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുമ്പോഴാണ് അദ്ദേഹം റഫറിക്കെതിരെ പരാമർശം നടത്തിയത്. ഈ സീസണിൽ തന്റെ പ്രധാന കളിക്കാർക്ക് പരിക്കേറ്റ രീതിയെക്കുറിച്ചും ഫെറാൻഡോ പറഞ്ഞു, അവർക്ക് റഫറിമാരിൽ നിന്ന് കൂടുതൽ സംരക്ഷണം ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“റഫറിമാരുടെ തീരുമാനങ്ങൾ എന്റെ കൈയിലല്ല. കളിക്കാർക്ക് അവരുടെ വികാരങ്ങളും ഊർജ്ജവും നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അവരെ നിയന്ത്രിക്കാൻ എനിക്ക് സഹായിക്കാൻ കഴിയും. റഫറിമാരുടെയോ എതിരാളികളുടെയോ തീരുമാനങ്ങൾ എന്റെ കൈയിലല്ല, അതിനാൽ ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കളിക്കാർ നാളത്തേയ്ക്ക് തയ്യാറാണ് എന്നത് പ്രധാനമാണ്, മഞ്ഞ കാർഡുകളോ ചുവപ്പ് കാർഡുകളോ ഭയപ്പെടരുത്. ഞങ്ങൾക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയാണെങ്കിൽ, ഞങ്ങൾ മറ്റൊരു പ്ലാൻ കണ്ടെത്തേണ്ടതുണ്ട്, ഒന്നും ചെയ്യാൻ സാധ്യമല്ല.ഈ സീസണിലെ പരിക്കുകൾ നോക്കുകയാണെങ്കി ദേശീയ ടീമിനൊപ്പം ആഷിക്കിന് പരിക്കേറ്റപ്പോൾ, ബസുന്ധരയ്‌ക്കെതിരെ അൻവർ, ഒഡീഷയ്‌ക്കെതിരായ ടാക്കിളുകൾ കാരണം ഗ്ലാൻ, സഹൽ എന്നിവർക്കും പരിക്കേൽക്കുകയുണ്ടായി” ഫെറാൻഡോ പറഞ്ഞു.

“ഈ സീസണിലെ എല്ലാ പരിക്കുകളും ദുഷ്‌കരമായ നിമിഷങ്ങളിലെ പരുക്കൻ ടാക്കിളുകളാണ് കാരണമായത്. എന്നാൽ റഫറിമാർ എന്റെ കളിക്കാരെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്, അവർക്ക് കളിക്കാരെ സംരക്ഷിക്കാൻ താൽപ്പര്യമില്ലെങ്കിൽ…അതിൽ കൂടുതലൊന്നും എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. ഒരുപക്ഷേ ക്രിസ്റ്റൽ ജോൺ നല്ല കളിക്കാർ ദേശീയ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാൽ ഈ കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.റഫറി ക്രിസ്റ്റൽ ജോണിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിമര്ശനം ഉന്നയിച്ചിരുനെങ്കിലും ആരുടേയും പിന്തുണ ലഭിച്ചിരുന്നില്ല.

4.5/5 - (2 votes)