കാര്യങ്ങളിൽ വഴിത്തിരിവ് ഉണ്ടാകുമോ?ലയണൽ മെസ്സിക്ക് വേണ്ടി കൂടുതൽ ക്ലബ്ബുകൾ മുന്നോട്ടുവന്നേക്കും.

ക്ലബ്ബിന്റെ അനുമതി കൂടാതെ സൗദി അറേബ്യയിലേക്ക് പോയതിന്റെ പേരിൽ ലയണൽ മെസ്സി ഇപ്പോൾ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.ലയണൽ മെസ്സിക്ക് പിഎസ്ജി രണ്ട് ആഴ്ച്ച വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും എല്ലാവരും ഇത് സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

ഇതോടുകൂടി മെസ്സിയും ക്ലബ്ബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിട്ടുണ്ട്.നേരത്തെ തന്നെ ലയണൽ മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചിരുന്നു.പക്ഷേ ബാഴ്സയിലേക്ക് പോകാൻ സാധിച്ചില്ലെങ്കിൽ കോൺട്രാക്ട് പുതുക്കാൻ വേണ്ടി പിഎസ്ജി നൽകിയ ഓഫർ ലയണൽ മെസ്സി പരിഗണിക്കുമായിരുന്നു.ഈ വിവാദ സംഭവങ്ങളോടുകൂടി ആ സാധ്യതയും ഇല്ലാതായിരിക്കുന്നു.മെസ്സി ഇനി പിഎസ്ജി തുടരാൻ സാധ്യതകൾ വളരെ കുറവാണ്.പിഎസ്ജിയും നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.

അപ്പോൾ ഇനി അറിയേണ്ടത് മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് മാത്രമാണ്.ബാഴ്സയിലേക്ക് പോകാൻ മെസ്സിക്കും തിരികെ കൊണ്ടുവരാൻ ബാഴ്സക്കും ആഗ്രഹമുണ്ട്.പക്ഷേ നിലവിലെ അവസ്ഥയിൽ അത് സാധിക്കുമോ എന്നുള്ള കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.ബാഴ്സ അവതരിപ്പിച്ച പ്ലാൻ ലാലിഗ തള്ളിക്കളഞ്ഞിട്ടുണ്ട്.സാമ്പത്തികപരമായ പ്രതിസന്ധി പരിഹരിക്കാൻ ക്ലബ്ബിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പിന്നീട് ലയണൽ മെസ്സിയുടെ മുന്നിലുള്ളത് രണ്ട് ഓപ്ഷനുകളാണ്.ഒന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ, മറ്റൊന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി.ഈ രണ്ട് ഓപ്ഷനുകളിൽ മെസ്സി പ്രയോറിറ്റി നൽകുക ഇന്റർ മിയാമിക്ക് തന്നെയാണ്.സൗദിയിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ ലയണൽ മെസ്സി താല്പര്യപ്പെടുന്നത് അമേരിക്കയിലേക്ക് പോകുന്നതിന് തന്നെയാണ്.പക്ഷേ ഈ രണ്ട് ഓപ്ഷനുകളെയും ഏറ്റവും ഒടുവിലാണ് മെസ്സി പരിഗണിക്കുക.

അതായത് അർജന്റീന ദേശീയ ടീമിനോടൊപ്പം മികച്ച രീതിയിൽ കളിക്കാൻ വേണ്ടി യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നത്.നിലവിൽ യൂറോപ്പിൽ മെസ്സിയുടെ മുന്നിലുള്ള ഓപ്ഷനുകൾ ബാഴ്സയും പിഎസ്ജിയുമാണ്.അത് രണ്ടും സങ്കീർണമായ സ്ഥിതിക്ക് മറ്റേതെങ്കിലും യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ലയണൽ മെസ്സിക്ക് വേണ്ടി രംഗത്ത് വരും എന്നാണ് മാധ്യമപ്രവർത്തകർ പലരും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നേരത്തെ മെസ്സിയിൽ താൽപര്യം അറിയിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി,ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകൾ മുന്നോട്ട് വരുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.പക്ഷേ യൂറോപ്പിലെ ക്ലബ്ബുകൾ ഈ സാഹചര്യം മുതലെടുക്കാൻ വേണ്ടി മുന്നോട്ട് വരാനുള്ള സാധ്യതകൾ ഒരു കാരണവശാലും തള്ളിക്കളയാനാവില്ല.

3/5 - (1 vote)