നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി ഇത്തവണയും വേൾഡ് കപ്പിന് ഇല്ല എന്നുള്ളത് വളരെയധികം ദൗർഭാഗ്യകരമായ കാര്യമാണ്. വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇറ്റലിക്ക് സാധിക്കാതെ പോവുകയായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് അസൂറിപ്പടയില്ലാതെ വേൾഡ് കപ്പ് നടക്കുന്നത്.
മാത്രമല്ല കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയുമായി നടത്തിയ ഫൈനലിസിമ മത്സരത്തിലും ഇറ്റലി പരാജയപ്പെട്ടിരുന്നു. ഏതായാലും ഇറ്റലിയുടെ അഭാവത്തിൽ ഇറ്റാലിയൻ ആരാധകർ ആരെയായിരിക്കും ഖത്തർ വേൾഡ് കപ്പിൽ പിന്തുണയ്ക്കുക എന്നുള്ളത് ഏവരിലും കൗതുകം ഉണർത്തുന്ന ഒരു കാര്യമാണ്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് ഇതുമായി ബന്ധപ്പെട്ട ഒരു സർവ്വേ ഇറ്റാലിയൻ ആരാധകർക്കിടയിൽ നടത്തുകയും ചെയ്തിരുന്നു.
ഈ സർവേയിൽ ഭൂരിഭാഗം ഇറ്റാലിയൻ ആരാധകരും ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നത് അർജന്റീനയും ലയണൽ മെസ്സിയുമാണ്.35% ഇറ്റാലിയൻ ആരാധകരാണ് അർജന്റീന ഇത്തവണ വേൾഡ് കപ്പ് നേടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ബാക്കിയുള്ള ടീമുകൾ ഒക്കെ വളരെയധികം പിറകിലാണ്.
രണ്ടാം സ്ഥാനത്ത് വരുന്നത് ബ്രസീലാണ്. ആറു ശതമാനം ഇറ്റാലിയൻ ആരാധകരാണ് ബ്രസീൽ ഇത്തവണ വേൾഡ് കപ്പ് കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നത്.മൂന്നാം സ്ഥാനത്ത് പോർച്ചുഗലും ബെൽജിയവും വരുന്നു. 5% ഇറ്റാലിയൻ ആരാധകരാണ് പോർച്ചുഗലും ബെൽജിയവും കിരീടം നേടാൻ ആഗ്രഹിക്കുന്നത്.ഇതൊക്കെയാണ് ഇപ്പോൾ ഇവർ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ.
🏆 @Gazzetta_it did a survey asking Italian fans who they'd like to see win the World Cup.
— Italian Football TV (@IFTVofficial) November 17, 2022
Here are the results:
🇦🇷 Argentina (35%)
🇧🇷 Brazil (6%)
🇧🇪🇵🇹 Belgium, Portugal (5%) pic.twitter.com/U1yPyx0ebu
തീർച്ചയായും അർജന്റീന കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം ലയണൽ മെസ്സിയാണ്.മെസ്സിയുടെ കരിയറിൽ അദ്ദേഹത്തിന് എത്തിപ്പിടിക്കാൻ കഴിയാത്ത ഏക നേട്ടമാണ് വേൾഡ് കപ്പ് കിരീടം. അദ്ദേഹം വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങണം എന്നാണ് പലരും ഇപ്പോൾ ആഗ്രഹിക്കുന്നത്.