ക്രിസ്റ്റ്യാനോയെയും മെസ്സിയെയും ബെൻസെമയെയും ഒരേ ലീഗിൽ കൊണ്ടുവരാൻ നീക്കങ്ങൾ

ലോകഫുട്ബോളിലെ ബാലൻ ഡി ഓർ ജേതാക്കളും സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി, കരീം ബെൻസെമ എന്നിവർ ഒരുകാലത്ത് യൂറോപ്യൻ ഫുടബോൾ അടക്കിവാണ താരങ്ങളാണ്. റയൽ മാഡ്രിഡ്‌ vs ബാഴ്സലോന എൽ ക്ലാസിക്കോ മത്സരങ്ങളിലും ഇവരുടെ മികവ് നമ്മൾ ഒരുപാട് തവണ കണ്ടതാണ്.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ലാലിഗ വിട്ടതോടെ മെസ്സി-റൊണാൾഡോ യുഗത്തിന്റെ പോരാട്ടവീര്യം കുറച്ചിരുന്നു. പക്ഷെ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ മെസ്സി, റൊണാൾഡോ, ബെൻസെമ എന്നിവർ ഒരേ ലീഗിൽ കളിക്കുമെന്ന സൂചന നൽകുകയാണ്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർകയുടെ മാധ്യമപ്രവർത്തകൻ ജോസെ ഫെലിക്സ് ഡയസാണ് ഒരു സൂചന നൽകിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസ്റിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്ന ജോസെ ഫെലിക്സ് നിലവിൽ പറയുന്നത് ലിയോ മെസ്സിയും കരീം ബെൻസെമയും സൗദി ലീഗിലേക്ക് എത്താനുള്ള സാധ്യതകൾ തുറന്നുകിടക്കുന്നുണ്ട് എന്നാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലെത്തുമെന്ന് തന്നോട് പറഞ്ഞ സോഴ്സ് തന്നെയാണ് ലിയോ മെസ്സി അൽ ഹിലാലിലേക്കും കരീം ബെൻസെമ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യൻസായ അൽ ഇതിഹാദിലേക്ക് വരാനുള്ള സാധ്യതകളെ കുറിച്ച് പറയുന്നതെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ ജോസ് ഫെലിക്സ് ഡയസ് പറഞ്ഞു.

ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാനാവില്ലെങ്കിലും ഈ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് നിലവിൽ ലോകഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്നത്. ലിയോ മെസ്സിയുടെയും കരീം ബെൻസെമയുടെയും കരാർ ഈ സീസണിൽ അവസാനിക്കുകയാണ്. ഇരുതാരങ്ങൾക്ക് വേണ്ടിയും സൗദി ക്ലബ്ബുകൾ വമ്പൻ ഓഫറുകൾ ഇതിനകം മുന്നോട്ടുവെച്ചിട്ടുണ്ട്.