“മുംബൈയുടെ 6-1ന്റെ പരിഹാസ പോസ്റ്റിന് തക്ക മറുപടികൊടുത്ത കേരള കൊമ്പന്മാർ”

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ കാലമായി ആഗ്രഹിച്ച പ്രകടനമാണ് ഇന്നലെ ഗോവയിൽ മുംബൈക്കെതിരെ പുറത്തെടുത്തത്. ശക്തരായ മുംബൈയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് മഞ്ഞപ്പട തകർത്തെറിഞ്ഞത്. എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ മത്സരത്തിൽ മുബൈ സിറ്റിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരളം നടത്തിയത്.

മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം. 3-0ന് ജയിച്ച സ്കോര്‍ബോര്‍ഡിന്‍റെ ചിത്രം ക്ലബ് ഇന്നലത്തെ മത്സരശേഷം ട്വീറ്റ് ചെയ്തു. 2018ൽ ബ്ലാസ്റ്റേഴ്‌സിനെ 6-1ന് തോൽപ്പിച്ചതിന്‍റെ സ്കോര്‍കാര്‍ഡ് പോസ്റ്റ് ചെയ്‌ത മുംബൈ സിറ്റിക്ക് നൽകിയ മറുപടിയായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇത് പോസ്റ്റ് ചെയ്തത്.മുംബൈ സിറ്റി എഫ്‌സിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകര്‍ മലയാളത്തില്‍ കമന്‍റുകളുമായി പ്രത്യക്ഷ്യപ്പെട്ടു.

ആദ്യ പകുതിയിൽ 27-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 47-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വെസ് ലീഡുയര്‍ത്തി. 50 ആം മിനുട്ടിൽ ഡയസ് ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു . മുംബൈയുടെ അഹങ്കാരം തകർക്കുന്ന പ്രകടനം തന്നെയാണ് ഇന്നലെ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. പക അത് വീട്ടാനുള്ളതാണ് എന്നത് ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു.

ഇന്നലെ മുബൈക്കെതിരെയുള്ള ജയത്തിന്റെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമാനോവിച് അർഹതപ്പെട്ടതാണ്.വുകമാനോവിച് ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിജയം കൊണ്ട് വന്നു കൊടുത്തത്.തന്റെ താരങ്ങളുടെ പ്രകടനം ഒരു കോച്ച് എന്ന നിലയിൽ തനിക്ക് അഭിമാനം നൽകുന്നു എന്ന് മത്സര ശേഷം പരിശീലകൻ പറഞ്ഞു.കളിക്കളത്തിൽ നേടിയ മൂന്ന് ​ഗോളുകളുടെ ആനുകൂല്യത്തേക്കാളുപരി ബ്ലാസ്റ്റേഴ്സ് പുലർത്തിയ ടാക്ടിക്കൽ മേധവിത്വമാണ് ഇന്ന് മുംബൈയെവീഴ്ത്താൻ സഹായിച്ചത്.

ഏത് വമ്പനേയും ഭയക്കാത്ത പരിശീലകന്റെ ആത്മവിശ്വാസമാന് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് . ഈ പരിശീലകനും ഈ ടീമും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്തേറുകയാണ്.ആറ് കളിയിൽ ഒന്‍പത് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. മുംബൈക്കെതിരെ 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

Rate this post