“വിജയം നഷ്ടമായെങ്കിലും അവസാന ഘട്ടത്തിൽ ലീഗ് എത്തിനിൽക്കുമ്പോൾ ഈ പ്രകടനവും കൊമ്പൻമാർക്ക് വലിയ ഊർജ്ജം നൽകും എന്ന കാര്യത്തിൽ സംശയമില്ല”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ചിരുന്നു. ഇന്നലത്തെ മത്സരം വിജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ എടികെ ഇറങ്ങിയപ്പോൾ പ്ലെ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്.എന്നാൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ എ ടികെ യെ തോൽ‌വിയിൽ നിന്നും രക്ഷപെടുത്തിയപ്പോൾ സമനില ബ്ലാസ്റ്റേഴ്സിന്റെ വിലപ്പെട്ട രണ്ടു പോയിന്റുകൾ നഷ്ടപ്പെടുകയും ചെയ്തു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.

ജയം മാത്രം അകന്നു നിന്നെങ്കിലും കോവിഡിന് ശേഷം ബ്ലാസ്റ്റേഴ്സിൽ അകന്നു നിന്ന പോരാട്ട വീര്യം ടീമിന് വീണ്ടും തിരിച്ചു ലഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ മോഹൻ ബാഗിനോട് തോറ്റ ബ്ലാസ്റ്റേഴ്സിനെയല്ല ഇന്നലത്തെ മത്സരത്തിൽ കാണാൻ സാധിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും അവർ ഒരു മികച്ചു നിൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വരുത്തിയ പിഴവുകളെല്ലാം തിരുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ എ ടി ക്കെതിരെ കളിച്ചത്. വിജയം നഷ്ടമായെങ്കിലും അവസാന ഘട്ടത്തിൽ ലീഗ് എത്തിനിൽക്കുമ്പോൾ ഈ പ്രകടനവും കൊമ്പൻമാർക്ക് വലിയ ഊർജ്ജം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

ആരാധകർക്ക് എല്ലാം മറന്ന് ആഹ്ളാദിക്കാൻ പോന്നൊരു പ്രകടനമൊന്നുമായിരുന്നില്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായത. കോവിഡിന് പുറമെ താരങ്ങളുടെ പരിക്കും, സസ്‌പെൻഷനും എല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ പ്രതിക്കൂലമായി ബാധിക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്.പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇനി നാല് മത്സരങ്ങൾ കൂടി കളിക്കേണ്ടതുണ്ട് . ഇതിൽ രണ്ടു വിജയമെങ്കിലും നേടിയാൽ മാത്രമേ സെമിയിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കു. നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്‌സ് അത് നേടും എന്ന വിശ്വാസം എല്ലാവർക്കുമുണ്ട്.

23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ​ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. 32 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഹൈദെരാബാദിനെയും 20 പോയിന്റുമായി എട്ടാം സ്ഥാനത്തുളള ചെന്നൈയിൻ എസ് സിയെയും മൂന്നു ദിവസത്തെ ഇടവേളയിൽ നേരിടണം എന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന വലിയ വെല്ലുവിളി. ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരം കൂടുതൽ കടുക്കും എന്നുറപ്പാണ്. കഴിഞ്ഞ കുറച്ചു സീസൺ എടുത്തു നോക്കുമ്പോൾ പ്ലെ ഓഫിലേക്ക് ഇത്രയും കടുത്ത മത്സരം അടുത്ത കാലത്തൊന്നും കാണാൻ സാധിച്ചിട്ടില്ല.

16 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 7 ജയവും ആറു സമനിലയും മൂന്നു തോൽവിയുമായി 27 പോയിന്റുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 23 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് 17 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ലീഗിൽ ഏറ്റവും മികച്ച പ്രതിരോധത്തിന് പേരുകേട്ട ബ്ലാസ്റ്റേഴ്സിന് ഇന്നലെ പ്രതിരോധത്തിലെ പിഴവ് കൊണ്ട് തന്നെയാണ് ഗോൾ വഴങ്ങേണ്ടി വന്നത്.അവസാന മിനിറ്റുകളിൽ ഗോളടിക്കാൻ ശ്രമിക്കാതെപന്ത് കൈവശം വയ്ക്കുന്നതിൽ കേരളം പരാജയപെടുനന്തന് ഇന്നലെ കാനന സാധിച്ചത്. ഈ പിഴവുകളെല്ലാം തിരുത്തി ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് അനായാസം എത്തും എന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്.

Rate this post