നാണംകെട്ട തോൽവിയിലും താൻ കണ്ട ഒരേയൊരു നല്ല കാര്യം വെളിപ്പെടുത്തി യുർഗൻ ക്ലോപ്.

സമീപകാലത്തെ ഏറ്റവും വലിയ നാണംകെട്ട തോൽവിയാണ് ഇന്നലെ ലിവർപൂൾ ആസ്റ്റൺ വില്ലയോട് ഏറ്റുവാങ്ങിയത്. 7-2 എന്ന സ്കോറിനാണ് ക്ലോപിന്റെ സംഘം അടിയറവ് പറഞ്ഞത്. പരിക്ക് മൂലം പ്രമുഖ താരങ്ങൾ പുറത്തിരുന്ന മത്സരത്തിൽ നിരവധി പിഴവുകൾ വരുത്തിയാണ് ലിവർപൂൾ ഏഴ് ഗോൾ വഴങ്ങിയത്.

എന്നാൽ ഈ നാണംകെട്ട തോൽവിക്കിടയിലും താൻ കണ്ടെത്തിയ ഒരേയൊരു നല്ല കാര്യവും ആശ്വാസം നൽകിയ കാര്യവും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ പരിശീലകൻ യുർഗൻ ക്ലോപ്. ഇന്നലത്തെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്ലോപ്. മത്സരത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നതാണ് താൻ കണ്ട ഏക നല്ല കാര്യം എന്നാണ് ക്ലോപ് വെളിപ്പെടുത്തിയത്. ആസ്റ്റൺ വില്ലയുടെ ജയത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് തങ്ങൾ തന്നെയാണ് എന്നാണ് ക്ലോപ് തുറന്നു പറഞ്ഞത്.

” സത്യത്തിൽ ഏക നല്ല വാർത്ത എന്നുള്ളത് മത്സരശേഷം ആർക്കും പരിക്കേറ്റിട്ടില്ല എന്നതാണ്. പരിക്ക് മൂലം അവനില്ല, ഇവനില്ല എന്നതൊക്കെ മാധ്യമങ്ങളും ആരാധകരും തോൽവിക്കുള്ള ന്യായീകരണങ്ങൾ ആയി കണ്ടെത്തും. പക്ഷെ അതല്ല യാഥാർഥ്യം. എന്തൊക്കെയായാലും ഞാൻ ഇന്ന് ലൈനപ്പ് പുറത്തു വിട്ടപ്പോൾ 7-2 ന്റെ തോൽവി പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും തന്നെ ഈയൊരു റിസൾട്ട്‌ പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ് “ക്ലോപ് തുടർന്നു.

” മത്സരത്തിൽ ആസ്റ്റൺ വില്ല മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പക്ഷെ ഞങ്ങൾ തന്നെയാണ് അവരെ ഈ വമ്പൻ വിജയത്തിന് സഹായിച്ചത്. ഇന്ന് ഞങ്ങൾക്ക് നഷ്ടമായ താരങ്ങൾ ഉണ്ട് എന്നുണ്ടെങ്കിലും ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ ഉണ്ടാവുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ അവരെ മിസ്സ്‌ ചെയ്തിരുന്നു. എന്നാൽ പക്ഷെ ഈ മത്സരഫലത്തിൽ ഒന്നും തന്നെ ചെയ്യാനില്ല ” നിരാശയോടെ ക്ലോപ് പറഞ്ഞു.