നാപോളിക്ക് മുന്നിൽ തകർന്ന് ലിവർപൂൾ : ലെവെൻഡോസ്‌കിയുടെ ഗോളടി മികവിൽ ബാഴ്സലോണ : ത്രില്ലർ പോരാട്ടത്തിനൊടുവിൽ അത്ലറ്റികോ മാഡ്രിഡ് : റിചാലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം : ഇന്ററിനെ കീഴടക്കി ബയേൺ
ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി.നാപ്പൊളിയുടെ ഹോം ഗ്രൗണ്ടായ ഡിയാഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ ഇംഗ്ലീഷ് വമ്പൻമാരെ ഇറ്റാലിയൻ ക്ലബ് നാപ്പൊളി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പൊളിച്ചടുക്കിയത്.ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ പോയി.
അഞ്ചാം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഗോൾ നേടി സിയെലിൻസ്കി നാപോളിയെ മുന്നിലെത്തിച്ചു.18ആം മിനുട്ടിൽ വീണ്ടും ഒരു പെനാൽറ്റി ലഭിച്ചെങ്കിലും നൈജീരിയൻ സ്‌ട്രൈക്കർ ഒസിമൻ എടുത്ത കിക്ക് ലിവർപൂൾ കീപ്പർ അലിസാണ് തടുത്തിട്ടു .31ആം മിനുറ്റിൽ അംഗുയിസയുടെ ഗോളിലൂടെ നാപോളി സ്കോർ 2 -0 ആക്കി ഉയർത്തി. 44 മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ജിയോവാനി സിമിയോണി ന;പോളിയെ 3 ഗോളിന് മുന്നിലെത്തിച്ചു.ആദ്യ പകുതിയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ ഗോളുകൾ വഴങ്ങാതെ ലിവർപൂൾ രക്ഷപ്പെട്ടത്. 47ആം മിനുട്ടിൽ സിയെലെൻസ്കി രണ്ടാമത്തെ ഗോളും നേടി നാപോളിയെ 4 ഗോളിന് മുന്നിലെത്തിച്ചു.രണ്ടു മിനുട്ടിനു ശേഷം ഡയസ് ലിവർപൂളിന് വേണ്ടി ഒരു ഗോൾ മടക്കി. അടുത്ത കാലത്തായി ലിവർപൂൾ പുറത്തെടുതെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കായി ആദ്യ മത്സരം കളിച്ച സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിക്ക് രാജകീയമായ അരങ്ങേറ്റം. ഇന്നലെ നടന്ന മത്സരത്തിൽ പോളിഷ് സ്‌ട്രൈക്കറുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബാഴ്സലോണ ചെക്ക് ക്ലബായ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപെടുത്തി. 13 മിനുട്ടിൽ ഫ്രാങ്ക് കേസ്സിയാണ് ബാഴ്സയുടെ സ്കോറിങ്ങിനു തുടക്കമിട്ടത്.34ആം മിനുട്ടിൽ ലെവെൻഡോസ്‌കി ആദ്യ ഗോൾ നേടി. 44 ആം മിനുട്ടിൽ സൈകോരിയയുടെ ഒരു ഗോൾ ചെക്ക് ക്ലബിന് തിരിച്ചു വരവിന്റെ പ്രതീക്ഷകൾ നൽകി.45ആം മിനുട്ടിൽ ഡെംബലെയുടെ ക്രോസിൽ നിന്ന് ലെവൻഡോസ്കിയുടെ രണ്ടാം ഗോൾ വന്നു.67ആം മിനുട്ടിൽ ഫെറൻ ടോറസിന്റെ അസ്സിസ്റ്റിൽ നിന്നും ലെവെൻഡോസ്‌കിയുടെ ഹാട്രിക്ക് പിറന്നു.71 ആം മിനുട്ടിൽ ഫെറൻ ടോറസ് സ്കോർ 5 -1 ആക്കി ഉയർത്തി.ക്യാമ്പ് നൗവിൽ സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു ബാഴ്സയുടെ തകർപ്പൻ പ്രകടനം.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിലെ ത്രില്ലർ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി അത്ലറ്റികോ മാഡ്രിഡ്.എഫ്സി പോർട്ടോയെ 2-1നാണ് സ്പാനിഷ് വമ്പൻമാർ പരാജയപ്പെടുത്തിയത്. അവസാന മിനിറ്റുകളിൽ ചൂട് പിടിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും വീണത് 90 മിനിറ്റിന് ശേഷം ഇഞ്ചുറി ടൈമിലാണ്.91 ആം മിനിറ്റിൽ ഹെർമോസ ഡിയാഗോ സിമിയോണിയുടെ ടീമിനെ മുന്നിൽ എത്തിച്ചു. എന്നാൽ, നാടകീയമായി ലഭിച്ച പെനാൽറ്റിയിൽ 96 ആം മിനിറ്റിൽ പോർട്ടോ ഒപ്പമെത്തി. ഉറിബെയായിരുന്നു ഗോൾ സ്‌കോറർ.11 മിനിറ്റ് നീണ്ടുനിന്ന ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പോർട്ടോയുടെ പ്രതിരോധം തകർത്ത് അന്റോയിൻ ഗ്രിസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. നേരത്തെ 82 ആം മിനിറ്റിൽ പോർട്ടോയുടെ ഇറാനിയൻ താരം മെഹ്ദി തരേമി റെഡ് കാർഡ് വാങ്ങി മൈതാനം വിട്ടിരുന്നു.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്.സാൻസിരോയിൽ നടന്ന മത്സരത്തിൽ 25ആം മിനുട്ടിൽ കിമ്മിച്ചിന്റെ പാസിൽ നിന്നും സാദിയോ മാനെ ബയേണിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ ഇന്റർ മിലാൻ താരം അംബ്രോസിയയുടെ സെൽഫ് ഗോൾ ബയേണിന്റെ വിജയം ഉറപ്പാക്കി.ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ ടോട്ടൻഹാമിന് ആദ്യ മത്സരത്തിൽ തന്നെ ഉജ്ജ്വല വിജയം. ഫ്രഞ്ച് ക്ലബ് മാഴ്സെയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സ്പർസ് പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം റിച്ചാർലിസന്റെ ഇരട്ട ഗോളുകളാണ് ടോട്ടൻഹാമിന് വിജയം നേടിക്കൊടുത്തത്.