റൊണാൾഡോയെ വാങ്ങാം, മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ വമ്പൻ ഉപാധികൾ വെച്ച് ഇറ്റാലിയൻ ക്ലബ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യത വീണ്ടും വർധിക്കുന്നു. ഇറ്റാലിയൻ നാഷണൽ ബ്രോഡ്‌കാസ്റ്ററായ റായ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സീരി എ ക്ലബായ നാപ്പോളിയുടെ പേരാണ് പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ടീമായി ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. നാപ്പോളിയുടെ നൈജീരിയൻ സ്‌ട്രൈക്കറായ വിക്റ്റർ ഒസിംഹനും ഉൾപ്പെടുന്ന കരാറിലാണ് റൊണാൾഡോ ഇറ്റലിയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ വർധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ റൊണാൾഡോയെ സ്വന്തമാക്കാൻ നാപ്പോളി മുന്നോട്ടു വെക്കുന്ന ഉപാധികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കാൻ സാധ്യത കുറവാണ്. ഒസിംഹനെ നൽകി റൊണാൾഡോയെ സ്വന്തമാക്കുന്ന കൈമാറ്റക്കരാറിൽ 120 മില്യൺ യൂറോ തങ്ങൾക്ക് ഫീസായി ലഭിക്കണമെന്നാണ് നാപ്പോളിയുടെ പ്രധാന ആവശ്യം. ഇതിനു പുറമെ ലോൺ കരാറിൽ മാത്രമേ റൊണാൾഡോയെ ടീമിലെത്തിക്കാൻ കഴിയൂവെന്നും താരത്തിന്റെ ശമ്പളമായുള്ള മുഴുവൻ തുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ നൽകണമെന്നും നാപ്പോളി പറയുന്നു. ഒരു ക്ലബിനും ഇത് സ്വീകാര്യമാവാൻ സാധ്യതയില്ല.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്ന ആവശ്യമാണ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്നത്. താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപു തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു മികച്ച ക്ലബ്ബിലേക്ക് താരത്തെ എത്തിക്കാൻ ഊർജ്ജിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് റൊണാൾഡോയെ തങ്ങൾ മുന്നോട്ടു വെച്ച ഉപാധികൾ അംഗീകരിച്ചാൽ വാങ്ങാമെന്ന് നാപ്പോളി അറിയിച്ചിരിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾക്കൊന്നും താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം ഉണ്ടായിരുന്നില്ല. ബയേൺ, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, എസി മിലാൻ, പിഎസ്‌ജി തുടങ്ങിയ ക്ലബുകൾ നിരസിച്ച താരം പുതിയൊരു ക്ലബ്ബിനെ കണ്ടെത്തിയില്ലെങ്കിൽ പ്രൊഫെഷണൽ കരിയറിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാതിരിക്കുന്ന സീസണായിരിക്കുമിത്.

Rate this post