‘ഞാൻ സന്തോഷവാനല്ല ; ഇന്ത്യ യഥാർത്ഥ ലോകത്തല്ല ജീവിക്കുന്നത്, വേഗത്തിൽ മാറേണ്ടതുണ്ട്’ : ഇഗോർ സ്റ്റിമാക്

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സമീപകാല വിജയങ്ങളിൽ രാജ്യം മുഴുവൻ ആഹ്ലാദിക്കുന്നുണ്ടാകാം പക്ഷേ വിജയത്തിന് ചുക്കാൻ പിടിക്കുന്നയാൾ അത്ര സന്തുഷ്ടനല്ല. ത്രിരാഷ്ട്ര ട്രോഫി, ഇന്റർകോണ്ടിനെന്റൽ കപ്പ്, ഒമ്പതാം തവണ സാഫ് കപ്പ് എന്നിവ ഇന്ത്യക്ക് നേടിക്കൊടുത്ത ക്രോയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്
ഇപ്പോഴും സന്തോഷവാനല്ലെന്നാണ് പറയുന്നത്.

ഇന്ത്യൻ ഫുട്ബോളിന് ധീരവും പുതിയതുമായ ആശയങ്ങൾ ആവശ്യമായ സമയത്താണ് മുൻ ക്രൊയേഷ്യ പരിശീലകനും 1998 ലോകകപ്പ് മൂന്നാം സ്ഥാന ജേതാവുമായ സ്റ്റിമാക്ക് വരുന്നത്.ഇംഗ്ലണ്ടിലെ ഡെർബി കൗണ്ടിക്കും വെസ്റ്റ് ഹാം യുണൈറ്റഡിനും വേണ്ടി കളിച്ച മുൻ U20 ലോക ചാമ്പ്യനായ സ്റ്റിമാക് ടീമിന്റെ കളിരീതിയും ശൈലിയുമെല്ലാം മാറ്റിമറിച്ചു. സ്ടിമാക്ക് എത്തി നാല് വർഷം പിന്നിടുമ്പോൾ അറ്റാക്ക് ഫസ്റ്റ് ഫിലോസഫിയോടെ ഉയർന്ന പ്രെസ്സിംഗ്, പൊസഷൻ അധിഷ്ഠിത ഫുട്ബോൾ ആണ് ഇന്ത്യ കളിക്കുന്നത്.

” കളിക്കാർ ഐ‌എസ്‌എല്ലിൽ നിന്ന് മോശം ശീലങ്ങൾ വഹിക്കുന്നു.ചില കാര്യങ്ങൾ എത്രയും വേഗത്തിൽ മാറണം.ഐഎസ്എല്ലിലെ ടീമുകളുടെ എണ്ണം 16 ആക്കി ഉയർത്തണം. ഫുട്ബോൾ സീസൺ ആറ് മാസം എന്നത് എട്ടാക്കി ഉയർത്തണം. രാജ്യത്തിന് രണ്ട് പ്രധാനപ്പെട്ട ഫുട്ബോൾ ലീ​ഗ് എങ്കിലും വേണം ” TOI-യോട് സംസാരിച്ച ക്രൊയേഷ്യൻ പറഞ്ഞു.മാറ്റങ്ങൾ നടപ്പിലാക്കുന്ന വേഗതയാണ് സ്റ്റിമാക് ഇഷ്ടപ്പെടാത്തത്.

“ഇന്ത്യയിൽ നമ്മൾ ജീവിക്കുന്നത് യഥാർത്ഥ ലോകത്തിലല്ല. ഇന്ത്യയിൽ കിടന്ന് സന്തോഷിക്കണോ അതോ (പുറത്ത് പോയി) ജീവിക്കണോ എന്ന് നമ്മൾ തീരുമാനിക്കണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി മത്സരിക്കാൻ ശ്രമിക്കുക” അദ്ദേഹം പറഞ്ഞു.ഓരോ ടൂർണ്ണമെന്റുകൾക്കും ഇടയിൽ വലിയ വ്യത്യാസമാണുള്ളത്. ഇത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഇന്ത്യൻ പരിശീലകൻ ചൂണ്ടിക്കാട്ടി. അടുത്ത വർഷം ഫെബ്രുവരിയിൽ ഏഷ്യാ കപ്പിൻ്റെ അവസാനത്തോടെയാണ് സ്റ്റിമാക്കിൻ്റെ പരിശീലന കരാർ അവസാനിക്കുന്നത്.

ഈ വർഷാവസാനം ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളും ജനുവരിയിൽ ഏഷ്യൻ കപ്പും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്.കിംഗ്‌സ് കപ്പ്, മെർദേക്ക കപ്പ്, ഏഷ്യൻ ഗെയിംസ് (U-23) പോലെയുള്ള ചില ടൂർണമെന്റുകളും മുന്നിലുണ്ട്.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മികച്ച റാങ്കിംഗ് ഉള്ളതിനാൽ ഇന്ത്യ പോട്ട് 2-ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”പോട്ട് 2 ആയാലും പോട്ട് 3 ആയാലും, അതൊരു പ്രശ്നമല്ല. ഞാൻ എല്ലാവരേയും ബഹുമാനിക്കുന്നു, പക്ഷേ ഫുട്ബോൾ മൈതാനത്ത് ഞാൻ ആരെയും ഭയപ്പെടുന്നില്ല. പോട്ട് 2-ൽ വരുന്നത് നല്ലതായിരിക്കും” പരിശീലകൻ പറഞ്ഞു.

Rate this post