ബ്രേക്കിംഗ് ന്യൂസ്: പുതിയ ഫിഫ റാങ്കിംഗ് പുറത്തുവിട്ടു, ബ്രസീലിന് കടുത്ത നിരാശ, അർജന്റീനക്ക് മുന്നേറ്റം

ഖത്തർ ലോകകപ്പിന് ശേഷവും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീലിനെ വീഴ്ത്തി അർജന്റീന. കഴിഞ്ഞ ഇന്റർനാഷണൽ ബ്രെക്കിനു ശേഷം ഫിഫ റാങ്കിങ് ഇന്ന് അപ്ഡേറ്റ് ചെയ്‌തപ്പോഴാണ്‌ ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ഖത്തർ ലോകകപ്പിലെ വിജയവും അതിനു ശേഷം നടന്ന സൗഹൃദമത്സരത്തിൽ പനാമ, കുറസാവോ എന്നിവർക്കെതിരെ നേടിയ വിജയവുമാണ് അർജന്റീന ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അതേസമയം ലോകകപ്പിൽ നേരത്തെയുള്ള പുറത്താകലും അതിനു ശേഷം മൊറോക്കോയുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതും ബ്രസീലിന്റെ റാങ്കിങ്ങിനെ പ്രതികൂലമായി ബാധിച്ചു.

അർജന്റീന, ഫ്രാൻസ്, ബ്രസീൽ എന്നീ ടീമുകൾ ഉൾപ്പെടുന്ന ടോപ് ത്രീയിൽ മാത്രമാണ് റാങ്കിങ് മാറ്റം വന്നിരിക്കുന്നത്. അതിനു ശേഷം പതിനേഴാം റാങ്ക് വരെയും പഴയ സ്ഥിതിയിൽ തന്നെ റാങ്കിങ് തുടരുന്നു. ബെൽജിയം, ഇംഗ്ലണ്ട്, ഹോളണ്ട്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ. സ്പെയിൻ എന്നീ ടീമുകളാണ് യഥാക്രമം ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്ന ടീമുകൾ.

ത്രിരാഷ്ട്ര ടൂർണമെന്റ് വിജയിച്ച ഇന്ത്യയുടെ റാങ്കിങ്ങിലും ഉയർച്ചയുണ്ടായെങ്കിലും നൂറിനിപ്പുറത്തേക്ക് വരാൻ ടീമിന് കഴിഞ്ഞിട്ടില്ല. ഏറ്റവും പുതിയ റാങ്കിങ്ങിൽ നൂറ്റിയൊന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഏഷ്യൻ ടീമുകളുടെ റാങ്കിങ്ങിൽ ജപ്പാൻ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ, ഇറാൻ, കൊറിയ എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.

നിലവിലെ റാങ്കിങ് ജൂലൈ വരെ തുടരും. ജൂൺ മാസത്തിൽ വീണ്ടും വിവിധ ഇന്റർനാഷണൽ മത്സരങ്ങൾ നടക്കും. അതിനു ശേഷം ജൂലൈ മാസത്തിലാണ് പുതിയ ഫിഫ റാങ്കിങ് പ്രഖ്യാപിക്കുക. ആറു വർഷത്തിന് ശേഷമാണ് അർജന്റീന ദേശീയ ടീം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വരുന്നതെന്ന് പ്രത്യേകത കൂടിയുണ്ട്.

3.5/5 - (2 votes)