മാഞ്ചസ്റ്ററിനെ പരാജപ്പെടുത്തി റയലിന്റെ പുതുതലമുറ, ആവേശം നിറഞ്ഞുനിന്ന പോരാട്ടങ്ങളിൽ വമ്പൻമാർക്ക് വിജയം

2023-2024 യൂറോപ്യൻ ഫുട്ബോൾ സീസണിന് മുമ്പായി നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ വിജയം നേടി വമ്പൻ ടീമുകൾ. ലോക ഫുട്ബോളലെ ആരാധകർ ഒന്നടങ്കം കാത്തിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് vs റയൽ മാഡ്രിഡ് പോരാട്ടവും ആരാധകർക്ക് ആവേശം നൽകി കൊണ്ടാണ് അവസാനിച്ചത്.

ജോർജിയയിൽ വെച്ച് നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി vs ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. പ്രീമിയർ ലീഗ് സമ്മർ സീരീസിന്റെ ഭാഗമായി നടന്ന മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ജാക്സൺലൂടെ ഗോൾ നേടി ചെൽസി ലീഡ് എടുത്തു തുടങ്ങിയെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അൽമിറോനിലൂടെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് സമനില ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ വന്നതോടെ മത്സരം ഒരു ഗോളിന് സമനിലയിൽ അവസാനിച്ചു.

പ്രീമിയർ ലീഗ് സമ്മർ സീരീസിന്റെ ഭാഗമായി അമേരിക്കയിലെ ഫ്ലോറിഡയിൽ വച്ച് നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഫുൾഹാമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ല പരാജയപ്പെടുത്തി. ആദ്യപകുതിയുടെ 40- മിനിറ്റിൽ ഫിലോജിനിലൂടെ ഗോൾ നേടി തുടങ്ങിയ ആസ്റ്റൻ വില്ല രണ്ടാം പകുതിയുടെ 73 മിനിറ്റിൽ പുതിയ താരമായ ഡയബിയിലൂടെ രണ്ടാം ഗോളും നേടി മത്സരം രണ്ടു ഗോളുകൾക്ക് വിജയത്തിലെത്തിച്ചു.

ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരുന്ന റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് പ്രീമിയർ ലീഗ് വമ്പൻമാരായ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് വിജയം നേടി. മത്സരം തുടങ്ങി 6-മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് ജേഴ്സിയിലുള്ള ആദ്യ ഗോൾ നേടി ജൂഡ് ബെല്ലിംഹാം ടീമിന് ലീഡ് നേടികൊടുത്തു.

ആവേശകരമായി മുന്നോട്ടുപോകുന്ന മത്സരത്തിന്റെ അവസാനനിമിഷം 89 മിനിറ്റിൽ സ്പാനിഷ് താരമായ ജോസലു നേടുന്ന തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളിലൂടെ റയൽ മാഡ്രിഡ്‌ രണ്ടു ഗോളുകളുടെ വിജയം ഉറപ്പിച്ചു. തങ്ങളുടെ അടുത്ത സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ്‌ എതിരാളികളായ ബാഴ്സലോണയെയാണ് നേരിടുന്നത്.

5/5 - (1 vote)