മൂന്നു വർഷത്തിലൊരിക്കൽ ക്ലബ് ലോകകപ്പ് നടത്തുമെന്ന് ഫിഫ, വേൾഡ് സീരീസും പരിഗണനയിൽ |FIFA

ക്ലബ് ലോകകപ്പിനെ വലിയ രൂപത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി ഫിഫ. എല്ലാ വർഷവും നടക്കാറുള്ള ക്ലബ് ലോകകപ്പിന് പകരം മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പ് പോലെ മുപ്പത്തിരണ്ട് ടീമുകളെ ഉൾപ്പെടുത്തി ക്ലബ് ലോകകപ്പ് നടത്തുമെന്ന് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ അറിയിച്ചു. നിലവിൽ ആറ് കോൺഫെഡറേഷനുകളിൽ നിന്നും ഏഴ് ടീമുകൾ മാത്രമാണ് ക്ലബ് ലോകകപ്പിൽ പങ്കെടുക്കുക. 2025 മുതൽ പുതിയ ക്ലബ് ലോകകപ്പിന് തുടക്കമാകും.

ഇതിനു പുറമെ ഫിഫയുടെ വേൾഡ് സീരീസ് നടത്താനുള്ള പദ്ധതിയുണ്ടെന്നും ഇൻഫാൻറിനോ അറിയിച്ചു. മാർച്ച് മാസങ്ങളിൽ വരുന്ന ഇന്റർനാഷണൽ ബ്രേക്കുകളാണ് ഇതിനായി ഉപയോഗിക്കുക. വ്യത്യസ്‌ത കോൺഫെഡറേഷനുകളിൽ നിന്നുള്ള നാല് വീതം ടീമുകളെ ഇതിൽ ഉൾപ്പെടുത്തും. അതേസമയം ഇതിലേക്ക് യോഗ്യത നേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകാനുണ്ട്. ഇത്തരം ലോകസീരീസുകൾ നടത്തുന്നത് ഫുട്ബോളിന് എല്ലാ രാജ്യങ്ങളിലും വളരെയധികം വളർച്ചയുണ്ടാക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല.

ക്ലബ് ലോകകപ്പ് വിപുലീകരിച്ച് മൂന്നു വർഷത്തിൽ ഒരിക്കൽ നടത്തുന്നതിലൂടെ ചാമ്പ്യൻസ് ലീഗ് പോലെ തന്നെ വമ്പൻ ടീമുകളുടെ പോരാട്ടം കാണാനുള്ള അവസരമുണ്ടാകും. ഓരോ കോൺഫെഡറേഷനിൽ നിന്നും കൂടുതൽ ടീമുകൾ ക്ലബ് ലോകകപ്പിലേക്ക് വരുമെന്നതിനാൽ ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകൾക്ക് വമ്പൻ ടീമുകളുമായി പോരാടാനുള്ള അവസരം ഇത് തുറന്നു നൽകും. ഇതിലൂടെ ഫുട്ബോളിന് കൂടുതൽ വളർച്ചയുണ്ടാകും.

പുരുഷ ക്ലബ് ലോകകപ്പിന് പുറമെ വനിതാ ക്ലബ് ലോകകപ്പ് നടത്താനുള്ള പദ്ധതിയുണ്ടാകുമെന്നും ഫിഫ പ്രസിഡന്റ് അറിയിച്ചു. ഫുട്ബോളിൽ സമൂലമായ നിരവധി മാറ്റങ്ങൾക്കാണ് പുതിയ നേതൃത്വം തുടക്കം കുറിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് താരങ്ങളെ എങ്ങിനെ ബാധിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

Rate this post