ലയണൽ മെസ്സിക്ക് വേണ്ടി വീണ്ടും ഇന്റർ മിയാമിയുടെ പുതിയ നീക്കം |Lionel Messi

യൂറോപ്പിലെ വമ്പന്മാരും സൗദിയിലെ അൽ ഹിലാലും ഏറെ ആഗ്രഹിച്ച മെസ്സിയെ ടീമിലെത്തിക്കാനായതിൽ ഏറെ സന്തോഷവാന്മാരാണ് ഇന്റർ മിയാമി. മെസ്സി യൂറോപ്പിൽ തന്നെ തുടരുന്നത് കാണാൻ അദ്ദേഹത്തിൻറെ ആരാധകർ കൊതിച്ചിരുന്നുവെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക് പോയത് ആരാധകരെ നിരാശയിലാക്കിയെങ്കിലും എവിടെയാണങ്കിലും തങ്ങളുടെ പ്രിയ താരത്തിന് പൂർണ പിന്തുണ നൽകാൻ തന്നെയാണ് ആരാധകരുടെയും നീക്കം.

മെസ്സിയെ സ്വന്തമാക്കിയെങ്കിലും ഇന്റർ മിയാമി നിലവിൽ അത്ര തൃപ്തരല്ല. ലീഗിൽ തുടർച്ചയായ തോല്വികളേറ്റു വാങ്ങി പോയിന്റ് പട്ടികയിൽ ഏറ്റവും മോശം നിലയിലാണ് ഇന്റർ മിയാമി. മെസ്സി വരുന്നതോട് കൂടി കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്റർ മിയാമി. ഇതിനിടയിൽ മെസ്സിയ്ക്ക് വേണ്ടി ഒരു കിടിലൻ നീക്കം നടത്താൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി.

ലയണൽ മെസിയുടെ വരവിനു പിന്നാലെ ഇന്റർ മിയാമി പരിശീലകനെ മാറ്റാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നത്. അർജന്റൈൻ പരിശീലകനായ ടാറ്റ ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മിയാമിയുമായി ചർച്ചകൾ നടത്തുന്നത്. ലോകകപ്പിന് ശേഷം മെക്‌സിക്കോയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ മാർട്ടിനോ ഇപ്പോൾ ഫ്രീ ഏജന്റാണ്.

മാർട്ടീനോ അർജന്റീനിയൻ പരിശീലകനായത് മെസ്സിക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ഇന്റർ മിയാമി. കൂടാതെ ടാറ്റ മാർട്ടിനോ ബാഴ്‌സലോണയിലും അർജന്റീനയിലും ലയണൽ മെസിയെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കീഴിലാണ് അർജന്റീന 2015, 2016 വർഷങ്ങളിൽ കോപ്പ അമേരിക്ക ഫൈനലിലെത്തി തോൽവിയേറ്റു വാങ്ങിയത്. 2013 മുതൽ 2014 വരെ അദ്ദേഹം ബാഴസയിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ മെസ്സിക്ക് അനുകൂല ഘടകമാവുമെന്നാണ് ഇന്റർ മിയാമിയുടെ കണക്ക്കൂട്ടൽ.

അതെ സമയം, ജൂലൈ പകുതിയോടെ മെസ്സിയെ അമേരിക്കൻ ലീഗിൽ അവതരിപ്പിക്കുകയും ജൂലൈ 21നു അരങ്ങേറ്റം ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി തീരുമാനിച്ചെങ്കിലും അമേരിക്കൻ ക്ലബ് ഇതുവരെ താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ മാസത്തോടെയാണ് പിഎസ്‌ജി കരാർ അവസാനിക്കുന്നത്. അതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മെസ്സിയുടെ വരവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്റർ മിയാമി സോഷ്യൽ മീഡിയയിൽ അടക്കം വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുകയാണ്. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ഇന്റർ മിയാമിയുടെ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ടാണ് വിറ്റഴിഞ്ഞത്. അതും ഇരട്ടി വിലയിൽ. കൂടാതെ മെസ്സി വരുന്നതോടെ കൂടി ഇന്റർ മിയാമി തങ്ങളുടെ സിറ്റിങ് കപ്പാസിറ്റിയും ഉയർത്തിയിട്ടുണ്ട്.

Rate this post