റാഫിഞ്ഞ : ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ പുതിയ പ്രതീക്ഷ

പ്രീമിയർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ കളിക്കാരെ ഉയർന്ന അപകടസാധ്യതയുള്ള കോവിഡ് മേഖലകളിലേക്ക് പോകുന്നത് തടഞ്ഞതിനാൽ സെപ്തംബറിൽ ബ്രസീൽ ടീമിൽ കളിക്കാനുള്ള അവസരം ലീഡ്സ് വിങ്ങറായ റാഫിഞ്ഞക്ക് നഷ്ടമായി.എന്നാൽ ബ്രസീൽ കോച്ച് ടിറ്റെ 24-കാരനായ ലീഡ്സ് വിങ്ങറിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും താരത്തിന് മറ്റൊരു അവസരം നൽകാൻ തീരുമാനിക്കുകയും ചെയ്തു.രണ്ട് റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ പകരക്കാരനായി വന്ന് ശ്രദ്ധേയമായ രണ്ട് പ്രകടനങ്ങൾക്ക് ശേഷം റാഫിൻഹ ബ്രസീലിയൻ ആരാധകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്.

വെനസ്വേലയിൽ 3-1 വിജയത്തിൽ ടീമിനെ നാണക്കേടിൽ നിന്ന് ആദ്യം രക്ഷിച്ച അദ്ദേഹം പിന്നീട് കൊളംബിയയിൽ 0-0 സമനിലയിൽ പിരിഞ്ഞ മത്സരത്തിലും മികവാർന്ന പ്രകടനമാണ് നടത്തിയത്.ഇപ്പോൾ പരിശീലകൻ ടൈറ്റിന്റെ ആദ്യ ഓപ്ഷനുകളിൽ ഉൾപ്പെടാത്ത വിംഗർ വ്യാഴാഴ്ച ഉറുഗ്വേയ്‌ക്കെതിരെ മനൗസിൽ നടക്കുന്ന മത്സരത്തിൽ ഒരു തുടക്കക്കാരനാകാൻ സാധ്യതയുണ്ട്.നെയ്മറിനും ഗബ്രിയേൽ ജീസസിനും ഒപ്പമായിരിക്കും റാഫിഞ്ഞ കളിക്കുക. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ ശക്തമായ ആയുധം തന്നെയാണ് റാഫിഞ്ഞ.വെനസ്വേലയ്ക്കെതിരെ, ബ്രസീൽ പകുതി സമയം വരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പാടുപെട്ടു. മിഡ്ഫീൽഡർ എവർട്ടൺ റിബീറോക്ക് പകരമായാണ് റാഫിഞ്ഞ മൈതാനത്തേക്കിറങ്ങിയത്.

രണ്ടാം പകുതിയിൽ വെനിസ്വേല ഒരു ഗോളിന് മുന്നിട്ടു നിൽക്കുമ്പോഴാണ് പകരക്കാരനായി റാഫിഞ്ഞ ഇറങ്ങുന്നത്. ലീഡ്സ് വിങ്ങർ ഇറങ്ങിയതിനു ശേഷം കളിയുടെ ഗതി മാറി. ഒരു അരങ്ങേറ്റക്കാരന്റ പാകപ്പൊന്നും ഇല്ലാതെ ഇറങ്ങിയ താരം മത്സര ഗതിയെ നിർണയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മത്സരം അവസാനിക്കാൻ 19 മിനുട്ട് ശേഷിക്കെ റാഫിഞ്ഞയുടെ കോർണറിൽ നിന്നാണ് മാർകിൻഹോസ്‌ ഹെഡ്ഡറിലൂടെ സമനില ഗോൾ നേടിയത്.85-ാം മിനിറ്റിൽ റാഫിഞ്ഞ നേടിക്കൊടുത്ത പെനാൽറ്റിയിൽ ബാർബോസ അഞ്ച് തവണ ലോകകപ്പ് ജേതാക്കളെ മുന്നിലെത്തിച്ചു.സ്റ്റോപ്പേജ് സമയത്ത് ആന്റണിയുടെ ഗോളിന് വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ലീഡ്സ് വിങ്ങർ.ഗ്ലോബോ എസ്പോർട്ട്, 24-കാരന് 8.5 റേറ്റിംഗ് നൽകി.

കൊളംബിയയ്‌ക്കെതിരായ മത്സരത്തിലും ബ്രസീൽ കൈവശം വയ്ക്കുന്നതിലും റാഫിൻഹ പ്രധാന പങ്ക് വഹിച്ചു. നെയ്മർ തന്റെ നിലവാരത്തിലേക്ക് ഉയരത്തിരുന്നപ്പോൾ റാഫിഞ്ഞയുടെ പ്രകടനം ബ്രസീലിനു ഗുണമായി.നെയ്മറിന്റെ സ്ഥാനം ഏറ്റെടുക്കാൻ പുതുമുഖം അർഹനാണെന്ന് പലരും അഭിപ്രായപ്പെട്ടു. മിഡ്ഫീൽഡിൽ മികച്ചൊരു താരത്തിന്റെ അഭാവം കുറച്ചു നാളായി നിഴലിച്ചിരുന്നു. മികച്ച ക്രിയേറ്റിവിറ്റിയും വേഗതയും പ്ലേ മേക്കിങ് കഴിവുള്ള റാഫിഞ്ഞ ബ്രസീൽ ടീമിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.

റാഫിഞ്ഞയുടെ പിതാവ് ഇറ്റലിക്കാരനായതിനാൽ അവിടെ കളിക്കാനും അവസരം ഉണ്ടായെങ്കിലും ബ്രസീൽ തെരഞ്ഞെടുക്കുകയായിരുന്നു.മിഡ്ഫീൽഡർ ജോർഗിൻഹോ, ഡിഫൻഡർ എമേഴ്സൺ തുടങ്ങിയ അസൂറിയിൽ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി കളിക്കാരെപ്പോലെ അദ്ദേഹത്തിന് ഒരു ഇറ്റാലിയൻ പാസ്‌പോർട്ടും ഉണ്ട്.ദക്ഷിണാ അമേരിക്കൻ ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ബ്രസീൽ 10 മത്സരങ്ങൾക്ക് ശേഷം 28 പോയിന്റുമായി മുന്നിട്ടുനിൽക്കുകയും ഖത്തറിൽ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സിന് വേണ്ടി മികച്ച തുടക്കമാണ് റാഫിഞ്ഞക്ക് ലഭിച്ചത്.ഏഴ് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. എന്നാൽ പ്രീമിയർ ലീഗിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ലീഡ്സ്.ഒടുവിൽ അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് വാട്ട്ഫോർഡിനെതിരെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരം വിജയിച്ചു.ഒക്ടോബർ 16 ശനിയാഴ്ച സതാംപ്ടനെതിരെയാണ് ലീഡ്‌സിന്റെ അടുത്ത മത്സരം.