ലയണൽ മെസ്സിയുടെ മനസ്സ് മാറ്റാൻ പുതിയ തന്ത്രം, പടുകൂറ്റൻ ഓഫർ നൽകി സൗദി ക്ലബ്

ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തയ്യാറല്ലെന്ന് വന്നതോടെയാണ് താരത്തിനായി ക്ലബുകൾ ശ്രമം തുടങ്ങിയത്. അർജന്റീന താരത്തെ നിലനിർത്താൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടെങ്കിലും ഫ്രാൻസിൽ തുടരാനില്ലെന്ന നിലപാടാണ് ലയണൽ മെസിയുടേത്.

ബാഴ്‌സലോണയാണ് ലയണൽ മെസിക്കായി സജീവമായി രംഗത്തുള്ളത്. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബിന് മെസിയെ സ്വന്തമാക്കാൻ ലാ ലീഗയുടെ അനുമതി വേണമെന്നിരിക്കെ അതിനായി അവർ കാത്തിരിക്കുകയാണ്. ലാ ലിഗ അനുമതി നൽകിയതിന് ശേഷം ബാഴ്‌സലോണയുടെ ഓഫർ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ മെസിയും കാത്തിരിക്കുകയാണ്.

അതേസമയം ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത് തടഞ്ഞ് മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലും അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയുമാണ് മെസിക്ക് വേണ്ടി ശ്രമം നടത്തുന്നത്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അൽ ഹിലാൽ മെസിയെ ആകർഷിക്കാൻ അവരുടെ ഓഫർ വർധിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് ഒരു സീസണിൽ അഞ്ഞൂറ് മില്യൺ യൂറോ പ്രതിഫലമായി നൽകാമെന്നാണ് അൽ ഹിലാലിന്റെ ഓഫർ. അൽ നസ്ർ റൊണാൾഡോയെ സ്വന്തമാക്കിയതിന് പകരമെന്ന നിലയിലാണ് അവർ അതിന്റെ ഇരട്ടി പ്രതിഫലം നൽകി മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഓഫർ സ്വീകരിച്ചാൽ പ്രതിവർഷം 4500 കോടി രൂപയിൽ അധികമായിരിക്കും മെസിയുടെ വേതനം.

എന്നാൽ മെസി ഈ ഓഫർ സ്വീകരിക്കാൻ യാതൊരു സാധ്യതയുമില്ല. അടുത്ത രണ്ടു സീസണുകളിലെങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് മെസി ആഗ്രഹിക്കുന്നത്. ബാഴ്‌സലോണയിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹവും മെസിക്കുണ്ട്. അതുകൊണ്ടു തന്നെ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തയ്യാറായി ബാഴ്‌സയിലേക്ക് ചേക്കേറാൻ വേണ്ടി കാത്തിരിക്കുകയാണ് അർജന്റീന താരം.