മെസിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്, ബാഴ്‌സലോണയും ലാ ലിഗയും കൂടിക്കാഴ്‌ച നടത്തി

ലയണൽ മെസിയെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ് ബാഴ്‌സലോണയെന്നത് ഫുട്ബോൾ ലോകത്ത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സൂചനകൾ ബാഴ്‌സലോണ നേതൃത്വത്തിൽ നിന്നും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസിയുടെ അടിക്കടിയുള്ള ബാഴ്‌സലോണ സന്ദർശനവും ഈ അഭ്യൂഹങ്ങളെ ആളിക്കത്തിച്ചു കൊണ്ടിരിക്കുന്നു.

അതിനിടയിൽ ലയണൽ മെസിയുടെ തിരിച്ചുവരവിനുള്ള വഴികൾ ഒരുക്കുന്നതിനു വേണ്ടി ബാഴ്‌സലോണ നേതൃത്വവും ലാ ലിഗ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്റർ അലിമണിയും ക്ലബിലെ മറ്റൊരു പ്രതിനിധിയായ ഫെറൻ ഒളിവേയുമാണ് ലാ ലീഗയിൽ നിന്നുള്ള രണ്ടു പ്രതിനിധികളുമായി സ്പെയിനിൽ വെച്ച് ചർച്ച നടത്തിയത്.

അർജന്റീന താരത്തിന്റെ തിരിച്ചുവരവ് ലാ ലിഗക്കു കൂടി താൽപര്യമുള്ള വിഷയമാണെന്ന് ബാഴ്‌സലോണക്കറിയാം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിരവധി പ്രധാന താരങ്ങളെ നഷ്‌ടമായാത് ലീഗിന്റെ പ്രൗഡിയെ വളരെയധികം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപാധികളോടെ ലയണൽ മെസിയുടെ തിരിച്ചുവരവിനുള്ള വഴികൾ ലാ ലീഗ ഒരുക്കി നൽകുമെന്നാണ് ബാഴ്‌സലോണ കരുതുന്നത്.

സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുക എന്നതു തന്നെയാണ് ബാഴ്‌സലോണയെ സംബന്ധിച്ച് പ്രധാനമായും മുന്നിലുള്ളത്. ലയണൽ മെസിയെ തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടി ബാഴ്‌സലോണ അവരുടെ വേതനബിൽ ഇരുനൂറു മില്യൺ യൂറോയായി ചുരുക്കേണ്ടതുണ്ട്. ഇതിനു പുറമെ ഗാവിയടക്കം ഏതാനും താരങ്ങളുടെ കരാർ പുതുക്കുകയെന്നതും ബാഴ്‌സയുടെ മുന്നിലുള്ള ഉത്തരവാദിത്വമാണ്.

ലാ ലീഗയുടെ കോർപ്പറേറ്റ് ജനറൽ മാനേജർ ഹാവിയർ ഗോമസ്, എക്‌സിക്യൂട്ടീവ് ജനറൽ മാനേജർ ഓസ്‌കാർ മായോ എന്നിവരാണ് ക്ലബ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ നിരവധി കടമ്പകൾ ഉണ്ടെങ്കിലും ലാ ലിഗ അതിനോട് അനുകൂലമായി പ്രതികരിക്കുന്നത് ബാഴ്‌സലോണക്ക് പ്രതീക്ഷ നൽകുന്നുണ്ട്.