ഡിബാലക്കായി പ്രീമിയർ ലീഗ് ക്ലബുകളുടെ മത്സരം, മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ മൂന്നു ക്ലബുകൾ കൂടി രംഗത്ത്

കഴിഞ്ഞ സമ്മറിലാണ് യുവന്റസിൽ നിന്നും പൗളോ ഡിബാല ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറിയത്. യുവന്റസ് കരാർ അവസാനിച്ച താരത്തെ മൗറീന്യോയുടെ ഇടപെടലാണ് റോമയിൽ എത്തിച്ചത്. റോമയിൽ എത്തിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തുന്ന താരം ടീമിന്റെ പ്രധാന കളിക്കാരനായി മാറിയിട്ടുണ്ട്. താരത്തിന്റെ ഫോമാണ് ഈ സീസണിൽ ഏതെങ്കിലും കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാൻ റോമക്ക് പ്രതീക്ഷ നൽകുന്നത്.

എന്നാൽ ഈ സീസണു ശേഷം ഡിബാല റോമയിൽ തുടരുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. റോമയുമായി താരം ഒപ്പുവെച്ച കരാർ പ്രകാരം ഈ സീസൺ കഴിഞ്ഞാൽ റിലീസിംഗ് ക്ലോസ് പന്ത്രണ്ടു മില്യൺ യൂറോയോളമായി ചുരുങ്ങും. ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിൽ നിന്നുള്ള ക്ലബുകൾ രംഗത്തു വന്നത് റോമക്ക് വലിയ ഭീഷണി തന്നെയാണ്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിനായി രംഗത്തുണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ പ്രതാപം തിരിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡും ഡിബാലക്കു വേണ്ടി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പ്രീമിയർ ലീഗിൽ കിരീടത്തിനായി പൊരുതുന്ന ആഴ്‌സണലും ടോപ് ഫോറിനായി ശ്രമം നടത്തുന്ന ടോട്ടനത്തിനും താരത്തിൽ താൽപര്യമുണ്ട്.

സൗദി നേതൃത്വം ഏറ്റെടുത്തതിനു ശേഷം മികച്ച ഫോമിൽ കളിക്കുന്ന ന്യൂകാസിൽ യുണൈറ്റഡാണ്‌ ഇപ്പോൾ താരത്തിനായി കൂടുതൽ ശ്രമം നടത്തുന്നത്. മികച്ച രീതിയിൽ താരങ്ങളെ റിക്രൂട്ട് ചെയ്‌ത്‌ എഡ്ഡീ ഹോവേക്കു കീഴിൽ ഇറങ്ങി പ്രീമിയർ ലീഗ് ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി നിർത്തിയിട്ടുള്ള ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ ഡിബാലയെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്.

പ്രീമിയർ ലീഗിൽ നിന്നുള്ള ഓഫർ ഡിബാല പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഈ സീസണ് ശേഷം എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും റോമ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം ഭാവിയെക്കുറിച്ച് പ്രതികരിക്കുമ്പോൾ പറഞ്ഞിരുന്നു. റിലീസിംഗ് ക്ലോസിനെ കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ ഏജന്റും ക്ലബും തമ്മിലുള്ള കാര്യങ്ങളാണെന്നാണ് ഡിബാല പ്രതികരിച്ചത്.

3/5 - (4 votes)