‘എനിക്ക് വാക്കുകളില്ല ,പെലെയെക്കാൾ മികച്ച കളിക്കാരനല്ല ഞാൻ ‘ : നെയ്മർ |Neymar

ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നേടിയ ഗോളോടെ ഇതിഹാസ താരം പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും ടോപ് ഗോൾ സ്‌കോറർ ആയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ.

ബ്രസീൽ ദേശീയ ടീമിന് വേണ്ടി 77 ഗോളുകൾ സ്കോർ ചെയ്ത സാക്ഷാൽ പെലെയുടെ റെക്കോർഡിനൊപ്പമുണ്ടായിരുന്ന നെയ്മർ ബൊളീവിയക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 79 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്താൻ സാധിച്ചു.ആമസോൺ നഗരമായ ബെലെമിൽ നടന്ന മത്സരത്തിൽ ബ്രസീൽ 5-1 ന് വിജയിച്ചത്. മത്സരത്തിന്റെ 61-ാം മിനുട്ടിലും ഇഞ്ചുറി ടൈമിലുമാണ് നെയ്മർ ഗോളുകൾ നേടിയത്.

“ഞാൻ വളരെ സന്തോഷവാനാണ്, ഇതിന് വാക്കുകളില്ല,” ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് നൽകിയ ഫലകം സ്വീകരിച്ച ശേഷം നെയ്മർ പറഞ്ഞു.“ഈ റെക്കോർഡിലെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പെലെയേക്കാൾ മികച്ച കളിക്കാരനല്ല ഞാൻ. ഞാൻ എപ്പോഴും എന്റെതായ കഥ എഴുതി ചേർക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ബ്രസീലിയൻ ഫുട്ബോളിന്റെയും ദേശീയ ടീമിന്റെയും ചരിത്രത്തിൽ സ്ഥാനം പിടിക്കാൻ എനിക്ക് ഇന്ന് സാധിച്ചിരിക്കുകയാണ്.” നെയ്മർ പറഞ്ഞു.

2010ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്‌ക്കെതിരെ 2-0 വിജയത്തോടെ അരങ്ങേറ്റം കുറിച്ച ശേഷം, ബ്രസീലിനായി നെയ്‌മർ 125 മത്സരങ്ങൾ നെയ്മർ കളിച്ചിട്ടുണ്ട്.അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 79 ഗോളുകളും 59 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഡിസംബറിൽ അന്തരിച്ച പെലെ തന്റെ രാജ്യത്തിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളും 32 അസിസ്റ്റുകളും റെക്കോർഡ് ചെയ്തിട്ടുണ്ട്.

Rate this post