കരിയറിൽ നേരിട്ട ഏറ്റവും കടുത്ത ഡിഫന്റർ ആരെന്ന് വെളിപ്പെടുത്തി നെയ്മർ ജൂനിയർ |Neymar

ഇപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന സൂപ്പർതാരമാണ് നെയ്മർ ജൂനിയർ. തുടർച്ചയായ പരിക്കുകൾ കാരണം പലപ്പോഴും നെയ്മർ പുറത്തിരിക്കാറുണ്ടെങ്കിലും അദ്ദേഹം കളത്തിൽ ഉണ്ടാവുമ്പോൾ ഉണ്ടാക്കാറുള്ള ഇമ്പാക്ട്, അത് വിസ്മരിക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്. പല പ്രതിരോധനിര താരങ്ങളും നെയ്മറുടെ മികവിനെയും സ്‌കില്ലുകളെയും പ്രശംസിക്കാറുണ്ട്.

എന്നാൽ ഇതേ നെയ്മർ ഇപ്പോൾ ഒരു കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.അതായത് തന്റെ കരിയറിൽ നേരിടേണ്ടിവന്ന ഏറ്റവും കടുത്ത എതിരാളി അഥവാ ഡിഫൻഡർ ആരെന്ന് നെയ്മർ ജൂനിയർ വെളിപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ കെയ്ൽ വാക്കറാണ് നെയ്മർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുള്ള ഡിഫൻഡർ.DAZN എന്ന മീഡിയയോടാണ് നെയ്മർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

‘ ഞാൻ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും കടുത്ത ഡിഫൻഡർ, മാഞ്ചസ്റ്റർ സിറ്റി താരമായ കെയ്ൽ വാക്കറാണ്. അദ്ദേഹം വളരെയധികം വേഗതയുള്ള താരമാണ്,വളരെ സ്ട്രോങ്ങ് ആയിട്ടുള്ള താരമാണ്. അതിനുപുറമേ വളരെയധികം ഇന്റലിജന്റുമാണ് ‘ ഇതാണ് സിറ്റി ഡിഫൻഡറെ കുറിച്ച് നെയ്മർ പറഞ്ഞിട്ടുള്ളത്.

ഇതുവരെ ആകെ നാല് മത്സരങ്ങളിലാണ് നെയ്മറും വാക്കറും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ആ നാല് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിലായിരുന്നു. ഈ നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. അതായത് നെയ്മറെ തടയുന്നതിൽ വാക്കർ വിജയിച്ചു എന്ന് വേണം പറയാൻ. നാലു മത്സരങ്ങളിൽ മൂന്നിലും സിറ്റി വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ പിഎസ്ജിയാണ് ജയിച്ചിട്ടുള്ളത്.

2017ലായിരുന്നു ഈ ഇംഗ്ലണ്ട് ഇന്റർനാഷണൽ ടോട്ടൻഹാം വിട്ടുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. താരത്തിന് വേണ്ടി 50 മില്യൻ പൗണ്ട് ആണ് സിറ്റി സ്പർസിന് നൽകിയിട്ടുള്ളത്.അന്നുമുതൽ ഇതുവരെ 222 മത്സരങ്ങളാണ് വാക്കർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആറു ഗോളുകളും 17 അസിസ്റ്റുകളും നേടാൻ ഈ ഡിഫൻഡർക്ക് സാധിച്ചിട്ടുണ്ട്.