എംബാപ്പെയെ ക്ഷണിക്കാതെ നെയ്മറുടെ ഫെയർ വെൽ പാർട്ടി; അവസാനിക്കാതെ നെയ്മർ- എംബാപ്പെ പോര്
സൂപ്പർതാരം നെയ്മറും കിലിയൻ എംബാപ്പയും തമ്മിലുള്ള പ്രശ്നം വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തു വരികയാണ്. പിഎസ്ജി വിട്ട് അൽഹിലാലിലേക്ക് പോയ നെയ്മർ പിഎസ്ജി താരങ്ങൾക്ക് ഒരു ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ ഫെയർ വെൽ പാർട്ടിയിൽ സൂപ്പർതാരം എംബാപ്പെയെ ക്ഷണിച്ചില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മാർക്യുഞ്ഞോസ് അടക്കമുള്ള പി എസ് ജി താരങ്ങൾ പങ്കെടുത്ത ഫെയർവെൽ പാർട്ടിയിലാണ് നെയ്മർ എംബാപ്പെയെ ക്ഷണിക്കാതിരുന്നത്.
നെയ്മറും എംബാപ്പയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആറുമാസങ്ങൾക്കു മുമ്പ് നെയ്മറെ വിറ്റഴിക്കാൻ എംബാപ്പെ പി എസ് ജി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എംബാപ്പെ കാരണമാണ് നെയ്മർ പി എസ് ജി വിട്ടതെന്ന ആരോപണങ്ങൾ ശക്തമാകവെയാണ് നെയ്മറുടെ ഫെയർ പാർട്ടിയിൽ എംബാപ്പെയെ ക്ഷണിക്കാത്തത് ചർച്ചയാവുന്നത്.
ഈ ട്രാൻസർ വിൻഡോയിൽ പി എസ് ജി എംബാപ്പെയെ വിൽക്കാൻ ശ്രമിച്ചിരുന്നു. പിഎസ്ജിയുടെ പുതിയ കരാറിൽ എംബാപ്പെ ഒപ്പുവെക്കാത്തതും ക്ലബ്ബിനെതിരെ താരം നടത്തിയ വിമർശനങ്ങളും കാരണമാണ് പിഎസ്ജി താരത്തെ വിൽക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പ്രീ സീസൺ സ്ക്വാഡിൽ നിന്നുൾപ്പെടെ എംബാപ്പെയെ പിഎസ്ജി പുറത്താക്കിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എംബാപ്പെ പിഎസ്ജി ക്യാമ്പിൽ തിരിച്ചെത്തിയത്. നെയ്മർ അൽ ഹിലാലിലേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് എംബാപ്പെ പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയതെന്നും നെയ്മറെ ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ എംബാപ്പെയും പിഎസ്ജിയും നടത്തിയ നാടകമാണ് ഇതെന്നും ആരാധകൻ ആരോപണം നടത്തിയിരുന്നു. ഇതൊക്കെ ശെരി വെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
🚨 Neymar organised a farewell party and Kylian Mbappé was not invited. ❌🎉
— Transfer News Live (@DeadlineDayLive) August 19, 2023
Marquinhos was notably present. 🇧🇷
(Source: @lequipe ) pic.twitter.com/dFonjv3DW7
അതേസമയം നെയ്മർ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അൽ ഹിലാലിന്റെ കരാർ ഒപ്പുവയ്ക്കുകയും അൽ ഹിലാൽ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വമ്പൻ പ്രതിഫലവും ആഡംബര സൗകര്യങ്ങളും അടങ്ങുന്ന കരാറാണ് നെയ്മർക്ക് സൗദിയിൽ ഉള്ളത്. രണ്ടുവർഷത്തെ കരാറിലാണ് താരം അൽ ഹിലാലിൽ പന്തു തട്ടുക.