ഗോൾവേട്ടയവസാനിപ്പിക്കാതെ നെയ്‌മർ, മെസിയുടെയും റൊണാൾഡോയുടെയും റെക്കോർഡ് പഴങ്കഥയാക്കി

ബാഴ്‌സലോണയിൽ നിന്നും ഏറെ പ്രതീക്ഷകളോടെയാണ് ലോകറെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ നെയ്‌മർ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. എന്നാൽ നിരന്തരമായ പരിക്കുകളും മറ്റും കാരണം തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം കാഴ്‌ച വെക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ മൈതാനത്തും പുറത്തുമുണ്ടാക്കിയ പ്രശ്‌നങ്ങളുടെ പേരിലും നെയ്‌മർ വലിയ തലവേദന സൃഷ്‌ടിക്കുകയുണ്ടായി. ഇതേതുടർന്ന് പിഎസ്‌ജി നേതൃത്വത്തിന് നെയ്‌മറിലുള്ള താൽപര്യം നഷ്‌ടമായെന്നും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ സീസൺ ആരംഭിച്ചതിനു ശേഷം തകർപ്പൻ ഫോമിലാണ് നെയ്‌മർ കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ പിഎസ്‌ജിക്കായി ഇറങ്ങിയ എല്ലാ മത്സരങ്ങളിലും നെയ്‌മർ ഗോൾ കണ്ടെത്തിക്കഴിഞ്ഞു. പിഎസ്‌ജി സീസണിൽ ഫ്രഞ്ച് സൂപ്പർകപ്പ് ഉൾപ്പെടെ ആറു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു മത്സരങ്ങളിലെ ഇരട്ടഗോളുകൾ ഉൾപ്പെടെ എട്ടു ഗോളുകളാണ് നെയ്‌മർ നേടിയത്. ഇതിനു പുറമെ ആറ് അസിസ്റ്റുകളും നെയ്‌മറുടെ പേരിലുണ്ട്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന നെയ്‌മർ തന്നെയാണ് ഏഴു ഗോളും ആറ് അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോറർ, ടോപ് അസിസ്റ്റ് മേക്കർ പട്ടികയിൽ മുന്നിൽ നിൽക്കുന്നതും.

ഇന്നലെ ടുളൂസിനെതിരേ നടന്ന ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെ ഒരു റെക്കോർഡും നെയ്‌മർ തകർക്കുകയുണ്ടായി. ക്ലബിനും ദേശീയടീമിനുമായി തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടുന്ന താരമെന്ന റെക്കോർഡാണ് നെയ്‌മർ സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കു വേണ്ടി കളിച്ച മത്സരങ്ങളും ബ്രസീൽ ടീമിനൊപ്പം സൗത്ത് കൊറിയ, ജപ്പാൻ എന്നിവർക്കെതിരെ നടന്ന സൗഹൃദ മത്സരങ്ങളും ഈ സീസണിലെ മത്സരങ്ങളും ചേർത്ത് പതിനാറു കളികളിലാണ് നെയ്‌മർ തുടർച്ചയായി ഗോൾ നേടുന്നത്. പതിനഞ്ചു കളികളിൽ തുടർച്ചയായി ഗോളോ അസിസ്റ്റോ കണ്ടെത്തിയിട്ടുള്ള മെസി, റൊണാൾഡോ എന്നിവരുടെ റെക്കോർഡാണ് നെയ്‌മർ തകർത്തത്.

ലീഗിൽ പിഎസ്‌ജി അഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങാതെ മുന്നോട്ടു പോകുന്നതിൽ നെയ്‌മറുടെ പ്രകടനം തന്നെയാണ് പ്രധാനമായും പങ്കു വഹിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നെയ്‌മർ തനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുന്ന പ്രകടനമാണ് കളിക്കളത്തിൽ കാഴ്‌ച വെക്കുന്നത്. നെയ്‌മറുടെ ഈ പ്രകടനം പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നത്തിനും ബ്രസീലിന്റെ ലോകകപ്പ് സ്വപ്‌നത്തിനും കൂടുതൽ നിറം പകരുന്നതാണ്. ഈ ഫോം നിലനിർത്തി ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ ആദ്യത്തെ ബാലൺ ഡി ഓറും ബ്രസീലിയൻ താരത്തിന് വളരെ അകലെയാവില്ല.

Rate this post