ബാഴ്‌സലോണയുടെ കിരീടാഘോഷങ്ങളിൽ അതീവരഹസ്യമായി പങ്കെടുത്ത് നെയ്‌മർ
2017ൽ ലോകറെക്കോർഡ് തുകക്ക് ബാഴ്‌സലോണ വിട്ട നെയ്‌മർ പിന്നീട് നിരവധി തവണ ക്ലബ്ബിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയതിനാൽ അതിനുള്ള സാധ്യതയും കുറവാണ്. എന്നാൽ ബാഴ്‌സലോണയും നെയ്‌മറും തമ്മിലുള്ള ബന്ധം ഇപ്പോഴും ദൃഢമായി തന്നെ നിലനിന്നു പോരുന്നുണ്ട്.
കഴിഞ്ഞ ദിവസം ബാഴ്‌സലോണ തങ്ങളുടെ ഇരുപത്തിയേഴാം ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. എസ്പാന്യോളിനെ അവരുടെ മൈതാനത്ത് രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്‌സലോണ റയൽ മാഡ്രിഡിനെ മറികടന്ന് കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ മോശം അവസ്ഥയിലേക്ക് വീണ ബാഴ്‌സയെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്നതാണ് ഈ കിരീടനേട്ടം.
കിരീടനേട്ടത്തിനു ശേഷം ബാഴ്‌സലോണ നടത്തിയ ആഘോഷങ്ങളിൽ പിഎസ്‌ജി താരമായ നെയ്‌മറും പങ്കെടുത്തിരുന്നുവെന്നാണ് കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റോമെറോ വെളിപ്പെടുത്തുന്നത്. ഒരു നൈറ്റ് ക്ലബിൽ വെച്ച് നടന്ന ആഘോഷങ്ങളിൽ ക്ലബിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായാണ് നെയ്‌മർ എത്തിയത്. അതീവരഹസ്യമായാണ് താരം എത്തിയതെന്നും അവർ വ്യക്തമാക്കി.
നിലവിൽ പരിക്ക് കാരണം പുറത്തിരിക്കുന്ന നെയ്‌മർ ഈ സീസണിലിനി കളിക്കാൻ യാതൊരു സാധ്യതയുമില്ലെന്നിരിക്കെയാണ് താരം ബാഴ്‌സലോണയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. നെയ്‌മർ ബാഴ്‌സലോണയിൽ ഉണ്ടായിരുന്നപ്പോൾ സഹതാരങ്ങളായിരുന്ന ജോർദി ആൽബ, സെർജിയോ ബുസ്‌കിറ്റ്‌സ്, സെർജി റോബർട്ടോ, ടെർ സ്റ്റീഗൻ എന്നിവരെല്ലാം ഇപ്പോഴും ക്ലബിലുണ്ട്.
Neymar was reportedly a ‘surprise guest’ at Barcelona’s La Liga title winning celebrationshttps://t.co/QBJcTWCDRZ
— talkSPORT (@talkSPORT) May 15, 2023
ലയണൽ മെസി വീഡിയോ കോളിലൂടെ ബാഴ്‌സലോണയുടെ ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ നെയ്‌മർ നേരിട്ട് വന്നത് അവിശ്വസനീയമായ കാര്യം തന്നെയാണ്. അതേസമയം ഈ സന്ദർശനം കൊണ്ട് നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള യാതൊരു സാധ്യതയുമില്ല. നെയ്‌മറെ തിരിച്ചു കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷി ബാഴ്‌സലോണയ്ക്ക് ഇല്ലെന്നതിനു പുറമെ മെസിയെ തിരിച്ചെത്തിക്കാനാണ് അവർ കൂടുതൽ ശ്രമിക്കുന്നത്.