മിത്രങ്ങൾ ശത്രുക്കളാവുന്നു? മെസ്സിയും നെയ്മറും ഇനി നേർക്ക് നേരോ?

കളിക്കളത്തിൽ ഒരുപാട് സൗഹൃദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ലയണൽ മെസ്സി. നെയ്മർ, സുവാരസ്, ബുസ്ക്കറ്റ്സ്, ഡി മറിയ തുടങ്ങിയവരൊക്കെ മെസ്സിയുടെ കട്ട ചങ്ക്സുകളാണ്. മെസ്സി മിയാമിയിലെത്തിയപ്പോൾ ബുസ്ക്കറ്റ്സിനെയും ജോർഡി ആൽബയേയും അവിടെ എത്തിച്ചതും ഈ സൗഹൃദം കാരണം തന്നെയാണ്. എന്നാൽ മെസ്സിയുടെ ഉറ്റസുഹൃത്തുക്കളിലൊരാൾ മെസ്സിയുടെ എതിരാളിയാവാൻ പോകുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരികയാണ്. സൂപ്പർ താരം നെയ്മറാണ് ആ സുഹൃത്ത്.

നിലവിൽ പിഎസ്ജി താരമായ നെയ്മർ ക്ലബ്‌ വിടാനുള്ള ഒരുക്കത്തിലാണ്. നെയ്മർക്ക് ബാഴ്സയിലേക്ക് മടങ്ങിപ്പോകാനാണ് ആഗ്രഹം. എന്നാൽ ബാഴ്സയുടെ പദ്ധതിയിൽ നെയ്മർ ഇല്ലാ എന്നത് നേരത്തെ പരിശീലകൻ സാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ബാഴ്സയിലേക്ക് മടങ്ങാൻ തന്റെ ശമ്പളം വരെ കുറയ്ക്കാൻ നെയ്മർ തയാറായി അവസ്ഥയിൽ ബാഴ്സ താരത്തെ തിരികെ കൊണ്ട് വരുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.സൗദി ക്ലബ്‌ അൽ ഹിലാലും താരത്തെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗദി ഓഫർ താരം തള്ളി എന്നാണ് റിപ്പോർട്ടുകൾ.

ഇവർക്കെല്ലാം പുറമെ 2 മേജർ ലീഗ് സോക്കർ ക്ലബ്ബുകളും താരത്തിന് പിന്നാലെയുണ്ട്. എംഎൽഎസ് ചാമ്പ്യൻമാരായ ലോസ് ഏയ്ഞ്ചൽ എഫ്സിയും ഓർലണ്ടോ എഫ്സിയുമാണ് താരത്തിനായി രംഗത്തുള്ളത്. ഇതിൽ ലോസ് ഏയ്ഞ്ചൽസാണ് താരത്തിനായി കാര്യമായ നീക്കങ്ങൾ നടത്തുന്നത്. നേരത്തെ സെർജിയോ റാമോസിനെ ടീമിലെത്തിക്കാൻ ശ്രമിച്ച ക്ലബ്ബാണ് ലോസ് ഏയ്ഞ്ചൽസ്.

താരം ലോസ് ഏയ്ഞ്ചൽസിലേക്ക് കൂടുമാറുകയാണ് എങ്കിൽ അമേരിക്കൻ സോക്കറിൽ മെസ്സിയും നെയ്മറും ഏറ്റുമുട്ടുന്നു കാഴ്ച്ചയായിരിക്കും നമ്മൾക്ക് കാണാനാവുക. എന്നാൽ യൂറോപ്പ് വിട്ട് താരം അമേരിക്ക തിരഞ്ഞെടുക്കുമോ എന്നും ഉറ്റസുഹൃത്തിന്റെ എതിരാളിയായി പന്ത് തട്ടാൻ സമ്മതിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.