ബ്രസീലിന്റെ മഞ്ഞ ജേഴ്സിയോട് നെയ്മർ വിടപറയാനൊരുങ്ങുമ്പോൾ

കാനറികളുടെ രാജകുമാരനായ നെയ്മര്‍ ഡി സില്‍വാ സാന്റോസ് ജൂനിയര്‍ ഖത്തര്‍ ലോകകപ്പോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് താരം ഒരു ഡോക്യുമെന്ററിക്കായി അനുവദിച്ച അഭിമുഖത്തില്‍ വിരമിക്കലിന്റെ സൂചന നല്‍കിയത്. 2026 ലോകകപ്പില്‍ നെയ്മര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ആരാധകര്‍. എന്നാല്‍ നെയ്മര്‍ വ്യത്യസ്തനാണ്. പ്രകടനം കൊണ്ടും വിവാദങ്ങള്‍കൊണ്ടും ആരാധകരെ ഞെട്ടിച്ച താരമാണ് നെയ്മര്‍. തന്റെ വിരമിക്കല്‍ വാര്‍ത്ത കൊണ്ടും താരം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്.

37ാം വയസ്സിലേക്ക് കുതിക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 35ലേക്ക് കടക്കുന്ന അര്‍ജന്റീന്‍ സ്റ്റാര്‍ പ്ലെയര്‍ ലയണല്‍ മെസ്സിയും വിരമിക്കല്‍ എന്ന പദം അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. ഇതിനിടെയാണ് 30കാരനായ മുന്‍ ബാഴ്‌സലോണാ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകഫുട്‌ബോളിലെ മിന്നും ത്രയങ്ങളിലെ മൂന്നാമനായ നെയ്മര്‍ക്ക് വയസ്സ് 30 ആവുന്നു. നിരവധി നേട്ടങ്ങള്‍ കൊയ്യാനുള്ള കളി മികവുള്ള താരമാണ് നെയ്മര്‍. മികച്ച ഫിനിഷറായ നെയ്മര്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു.

പീഡനക്കേസ്, ഗ്രൗണ്ടിലെ തമ്മില്‍ തല്ല്, ഗ്രൗണ്ടിലെ അഭിനയം, റഫറിമാര്‍ക്കെതിരേ പ്രകോപനം ഇങ്ങിനെ പോവുന്ന നെയ്മര്‍ ജൂനിയര്‍ക്കെതിരായ ആരോപണങ്ങള്‍. ഗ്രൗണ്ടിലെ ഫൗളുകള്‍ക്കിടിയുള്ള താരത്തിന്റെ അഭിനയത്തെ തുടര്‍ന്ന് ആരാധകരും നെയ്മറെ കൈവിട്ടിരുന്നു. തനിക്കെതിരേ മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറിയെ അതേ മല്‍സരത്തില്‍ പന്ത് കൊണ്ട് അടിച്ച് വീഴ്ത്തി പ്രതികാരം നടത്തിയ അപൂര്‍വ്വം സംഭവങ്ങളും നെയ്മറിന്റെ റെക്കോഡില്‍ ഉണ്ട്. എല്ലാത്തിലും ഉപരി പരിക്ക് വില്ലനാവുന്ന ഒരു പ്രധാന താരവും നെയ്മറാണ്. നീണ്ട കാലങ്ങള്‍ താരം പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്നിരുന്നു. ഇത് തന്റെ കരിയറിലെ ഇടിവിനെ സാരമായി ബാധിച്ചിരുന്നു.

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ നെയ്മര്‍ സംയമനത്തിന്റെ പുതിയ മുഖമായിരുന്നു. തന്നെ ആകെ മാറ്റിയത് പിഎസ്ജിയാണെന്ന് നെയ്മര്‍ അടുത്തിടെ നടന്ന അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താരത്തിനെതിരേ ഫൗള്‍ ചെയ്യുന്ന കളിക്കാരോട് ചിരിയിലൂടെ മറുപടി കൊടുക്കുന്ന നെയ്മറെയാണ് പിന്നീട് കണ്ടത്. തന്റെ പ്രകടനം കൊണ്ടായിരിക്കും പലപ്പോഴും നെയ്മര്‍ എതിര്‍ പക്ഷത്തുള്ളവര്‍ക്ക് മറുപടി നല്‍കുക.

ലോകറെക്കോഡ് തുകയ്ക്കായിരുന്നു നെയ്മര്‍ ബാഴ്‌സയില്‍ നിന്നും പിഎസ്ജിയില്‍ എത്തിയത്. പിഎസ്ജിയില്‍ എത്തിയ ഉടന്‍ താരം അവിടെ സന്തുഷ്ടനല്ലായിരുന്നു. കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കുന്ന പ്രധാന സ്ഥാനം താരത്തെ അസ്വസ്ഥതനാക്കിയിരുന്നു. തുടര്‍ന്ന് താരം പിഎസ്ജി വിടാനും ഒരുങ്ങിയിരുന്നു. എന്നാല്‍ പിഎസ്ജി താരത്തെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂടാതെ പഴയ ക്ലബ്ബ് ബാഴ്‌സയ്ക്ക് നെയ്മറെ വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയും ഇല്ലായിരുന്നു.

എന്നാല്‍ പതിയെ താരം പിഎസ്ജിയും ആയി ഒത്തിണങ്ങി. അവര്‍ക്കൊപ്പം കിരീടങ്ങള്‍ നേടി. കഴിഞ്ഞ തവണ ലീഗ് വണ്‍ കിരീടം നഷ്ടപ്പെട്ടുവെങ്കിലും താരം മികച്ച കളി പുറത്തെടുത്തിരുന്നു. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയെ ഒരു തവണ ഫൈനലിലും മറ്റൊരു തവണ സെമി വരെയും നെയ്മര്‍ എത്തിച്ചിരുന്നു. ലോകത്തിലെ മികച്ച ഫോര്‍വേഡുകളില്‍ ഒരാളായ നെയ്മര്‍ക്ക് സ്വന്തം റെക്കോഡുകളേക്കാള്‍ ഇന്ന് വലുത് ടീമിന്റെ ജയം മാത്രമാണ്.

എന്നാല്‍ പുതിയ സീസണില്‍ താരം തന്റെ തനത് പ്രകടനം പുറത്തേക്ക് എടുത്തിട്ടില്ല. ബ്രസീലിനായി തിളങ്ങുമ്പോഴും പിഎസ്ജിയ്ക്കായി ഇക്കുറി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. മാനസികമായി കരുത്തില്ലാത്ത താരമെന്ന പേര് നെയ്മര്‍ക്ക് സ്വന്തമാണ്. നിര്‍ണ്ണായക മല്‍സരങ്ങളിലെ തോല്‍വിയില്‍ കരയുന്ന പതിവും ഈ ബ്രസീലിയന്‍ താരത്തിനുണ്ട്. ഫിറ്റ്‌നെസ് സൂക്ഷിക്കുന്നതില്‍ താരത്തിന് മോശം റെക്കോഡാണ്. ഖത്തര്‍ ലോകകപ്പിന് ശേഷവും ഫുട്‌ബോളില്‍ തുടരാനുള്ള മാനസിക കരുത്ത് തനിക്ക് ഉണ്ടോ എന്നറിയില്ലെന്നാണ് നെയ്മര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.

ബ്രസീലിന്റെ ഇതിഹാസ താരം പെലെയ്ക്ക് താഴെ 69 അന്താരാഷ്ട്ര ഗോളുകളാണ് താരം നേടിയത്. 18ാം വയസ്സിലാണ് ബ്രസീലിനായി അരങ്ങേറിയത്. 2014ലെ ഫിഫാ ലോകകപ്പും 2015ലെ കോപ്പാ അമേരിക്കയും പരിക്കിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായിരുന്നു.ഒരു തവണ ബ്രസീലിനായി ഒളിംപിക് സ്വര്‍ണ്ണവും നേടിയിരുന്നു. ബാഴ്‌സലോണയിലായിരുന്നു താരത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. മെസ്സി, സുവാരസ്, നെയമര്‍ ത്രയങ്ങളിലൂടെ ബാഴ്‌സ ചാംപ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങളും നേടിയിരുന്നു. തന്റെ ഉറ്റ സുഹൃത്ത് ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വന്നതില്‍ താരം അതീവ സന്തുഷ്ടനായിരുന്നു. എന്നാല്‍ ആരാധകര്‍ കാത്തിരുന്ന നെയ്മര്‍, മെസ്സി, എംബാപ്പെ ത്രയം ഫോമിലേക്കുയര്‍ന്നിട്ടില്ല. കൃത്യം ഒരുവര്‍ഷത്തിന് ശേഷം ബ്രസീലിനായുള്ള ജെഴ്‌സി അഴിക്കുമ്പോള്‍ ഒപ്പം പിഎസ്ജി ജെഴ്‌സി ഊരുമോ എന്നാണ് ആരാധരുടെ സങ്കടം.

കടപ്പാട്

Rate this post