ചാമ്പ്യൻസ് ലീഗ്: മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി നെയ്‌മർ.

ഇന്നലെ നടന്ന പിഎസ്ജി-അറ്റലാന്റ മത്സരം ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കിയത് കുറച്ചൊന്നുമില്ല. തൊണ്ണൂറാം മിനുട്ടിന് ശേഷം പിഎസ്ജിയുടെ വീരോചിത തിരിച്ചു വരവിനാണ് ഇന്നലെ ലിസ്ബൺ സാക്ഷ്യം വഹിച്ചത്. തൊണ്ണൂറാം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന പിഎസ്ജി മാർക്കിഞ്ഞോസിന്റെയും മോട്ടിങ്ങിന്റെയും ഗോളുകളോടെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച നെയ്മർ ജൂനിയർ തന്നെയാണ് മത്സരത്തിലെ താരം.

മത്സരത്തിൽ മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് നെയ്മർ ഇനി മെസ്സിക്കൊപ്പം പങ്കിടും. പതിനാറ് ഡ്രിബിളുകൾ ആണ് നെയ്‌മർ ഇന്നലെ അറ്റലാന്റക്കെതിരെ പൂർത്തിയാക്കിയത്. ഇതിന് മുൻപ് മെസ്സിയാണ് ഒരു മത്സരത്തിൽ പതിനാറ് ഡ്രിബിളുകൾ പൂർത്തിയാക്കിയത്. 2008-ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിലായിരുന്നു മെസ്സി പതിനാറ് ഡ്രിബിളുകൾ പൂർത്തിയാക്കിയത്.

ഈ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ നടത്തിയതും നെയ്മർ ആണ്. സൂപ്പർ താരം ലയണൽ മെസ്സിയും നാപോളി താരം ലോറെൻസോ ഇൻസീനിയുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും പതിനൊന്നു ഡ്രിബിളുകൾ ആണ് ഒരു മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിൽ സമനിലഗോളിന് വേണ്ടി അസിസ്റ്റ് നൽകിയത് നെയ്മർ ആയിരുന്നു. ഗോൾ നേടാനുള്ള രണ്ട് അവസരങ്ങൾ നെയ്മർ പാഴാക്കിയെങ്കിലും താരത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Rate this post