❛പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടന്നില്ല..❜ പിഎസ്ജിയോട് വിടവാങ്ങിയ മെസ്സിക്ക് സന്ദേശവുമായി നെയ്മർ

ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിനൊപ്പം രണ്ട് വർഷത്തോളം സമയം പങ്കിട്ട് വേൾഡ് കപ്പ്‌ ജേതാവായ ലിയോ മെസ്സി തന്റെ പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരവും കളിച്ചുകഴിഞ്ഞു. ഫ്രഞ്ച് ലീഗ് കിരീടങ്ങളും ട്രോഫി ഡെസ് ചാമ്പ്യൻസ് ഉൾപ്പടെ ട്രോഫികൾ നേടികൊണ്ടാണ് ലിയോ മെസ്സിയുടെ ഫ്രഞ്ച് പടിയിറക്കം.

തന്റെ ഉറ്റസുഹൃത്തായ നെയ്മർ ജൂനിയറിനോടൊപ്പം ബാഴ്‌സലോണക്ക് ശേഷം മറ്റൊരു ക്ലബ്ബിൽ സമയം പങ്കുവെച്ച ലിയോ മെസ്സി ടീം വിടുന്നത് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിനും ഏറെ സങ്കടം നൽകുന്നതാണ്. ഒരുമിച്ച് ഒരുപാട് സമയം കളിച്ച ലിയോ മെസ്സിയും നെയ്മർ ജൂനിയറും കളിക്കളത്തിന് പുറത്തും അടുത്ത സുഹൃത്തക്കളാണ്.

എന്തായാലും പിഎസ്ജി വിട്ടുപോകുന്ന ലിയോ മെസ്സിക്ക് വേണ്ടി തന്റെ ഇൻസ്റ്റഗ്രാം വഴി സന്ദേശം നൽകിയിരിക്കുകയാണ് നെയ്മർ ജൂനിയർ. പിഎസ്ജിയിൽ രണ്ട് വർഷം ലിയോ മെസ്സിക്കൊപ്പം പങ്കിടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ലിയോ മെസ്സിയുടെ ഭാവിക്ക് വേണ്ടി ആശംസകൾ നേരുന്നുവെന്ന് പറഞ്ഞുമാണ് നെയ്മർ ജൂനിയറിന്റെ സന്ദേശം എത്തിയത്.

“പ്രിയ സഹോദരാ, നമ്മൾ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല, പക്ഷെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ എല്ലാം ശ്രമിച്ചു. നിന്റെയൊപ്പം രണ്ട് വർഷങ്ങൾ കൂടി ചെലവഴിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിന്റെ പുതിയ സ്റ്റേജിൽ നിനക്ക് വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. എല്ലായിപ്പോഴും സന്തോഷവാനായിരിക്കുക, ലവ് യു മെസ്സി… ” – നെയ്മർ ജൂനിയർ പറഞ്ഞു.

എഫ്സി ബാഴ്‌സലോണയിലേക്ക് തിരികെ പോകുവാൻ ബാഴ്സയുടെ ഒഫീഷ്യൽ ഓഫർ ബിഡ് കാത്തിരിക്കുന്ന ലിയോ മെസ്സി അടുത്ത 48മണിക്കൂറിനുള്ളിൽ തന്റെ തീരുമാനം എടുക്കും. ലാലിഗയുടെ അനുമതി ലഭിച്ചാലുടൻ മെസ്സിക്ക് വേണ്ടി നീക്കങ്ങൾ നടത്താൻ കാത്തിരിക്കുന്ന ബാഴ്സയുടെ സമയം തീർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ സൗദി ക്ലബ്ബായ അൽ ഹിലാൽ ലിയോ മെസ്സിയുടെ സൈനിങ് നടത്തുന്നതിന് വേണ്ടി അവസാന ശ്രമങ്ങൾ കഠിനമായി നടത്തുന്നുണ്ട്.

4.5/5 - (2 votes)